ഒരടി കൊടുക്കാമായിരുന്നില്ലേയെന്ന് എല്ലാവരും, എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്ന് സത്യേട്ടൻ: ജയറാം
Entertainment
ഒരടി കൊടുക്കാമായിരുന്നില്ലേയെന്ന് എല്ലാവരും, എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്ന് സത്യേട്ടൻ: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th October 2024, 8:41 am

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

രഘുനാഥ് പലേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസൻ, ഉർവശി, ജയറാം തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് പറയുകയാണ് ജയറാം. അവസാനം എല്ലാ പ്രശ്നവും ഉണ്ടാക്കി സ്നേഹലതയെന്ന ഉർവശിയുടെ കഥാപാത്രം വന്നിരിക്കുമ്പോൾ പവിത്രൻ എന്ന തന്റെ കഥാപാത്രത്തിന് ഒരു അടി കൊടുത്തുകൂടെ എന്ന് സിനിമ കാണുന്നവർക്ക് തോന്നുമെന്ന് ജയറാം പറയുന്നു.

എന്നാൽ തന്റെ സിനിമയിൽ സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തില്ലെന്നും ജയറാം അത് ഈ സിനിമയിൽ ചെയ്യേണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞെന്ന് ജയറാം പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യേട്ടന്റെ സിനിമകളിലൂടെ മലയാളി സ്വന്തം ജീവിതവും കുടുബാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പലരംഗങ്ങളും നമ്മുടെ നിത്യജീവിതവുമായി ചേർന്നുനിൽക്കുന്നതാണ്.

തമാശകൾ നന്നായി വർക്കാവും. കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. സംവിധായകന്റെ വായനയും എഴുത്തും സാഹിത്യനിരീക്ഷണവുമെല്ലാം കഥാസന്ദർഭങ്ങൾക്ക് കരുത്ത് നൽകുന്നതായി തോന്നിയിട്ടുണ്ട്.

ഒരു അനുഭവം പറയാം, പൊൻമുട്ടയിടുന്ന താറാവിന്റെ അവസാനരംഗം. ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം അവസാന സീനിൽ ഉർവശിയുടെ കഥാപാത്രമായ സ്നേഹലത ബെഡ്റൂമിൽ ഇരിക്കുന്നു. അവിടേക്ക് ഞാനവതരിപ്പിക്കുന്ന പവിത്രൻ വന്നു കയറുന്നു.

ഒരടി ഇപ്പോൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ കാണുന്നവരും കട്ടിലിൽ ഇരിക്കുന്ന സ്നേഹലതയും. എന്തോ സംഭവിക്കാൻ പോകുന്നു എന്ന അവസ്ഥ നിലനിൽക്കുമ്പോൾ തന്നെ ‘വാ പോകാം’ എന്നു പറഞ്ഞ് ബാഗുമെടുത്ത് സ്നേഹലതയേയും കൂട്ടി ഞാൻ നടക്കുന്നു.

ചിത്രീകരണസമയത്തും, തിയേറ്ററിൽ സിനിമ കണ്ടവരും, ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ എന്നു ചോദിച്ചിട്ടുണ്ട്. പക്ഷേ, അന്ന് സത്യേട്ടൻ പറഞ്ഞത്, വേണ്ട, എൻ്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തേണ്ട. വേറെ സിനിമയിൽ ജയറാം ചെയ്തേക്കാം, പക്ഷേ, നമുക്കത് വേണ്ട എന്നായിരുന്നു. ഇത്തരം ചില കാര്യങ്ങൾകൊണ്ടുകൂടെയാകാം സത്യേട്ടൻ്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നത്,’ജയറാം പറയുന്നു.

Content Highlight: Jayaram About Sathyan Anthikkad