മുഖ്യമന്ത്രിയുമായുള്ള ബന്ധം തന്റെ സ്വകാര്യ സന്തോഷവും അഭിമാനവുമാണെന്നും നടന്‍ ജയകൃഷ്ണന്‍. മുഖ്യമന്ത്രിയുമായുള്ള ബന്ധം താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണെന്നും സംവിധായകന്‍ അഖില്‍ മാരാറിന് ഈ ബന്ധത്തേക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയകൃഷ്ണന്‍ മനസ് തുറന്നത്.
‘മുഖ്യമന്ത്രി പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്. ഞാനത് വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണ്. ‘താത്വിക അവലോകന’ത്തിന്റെ സംവിധായകന്‍ അഖില്‍ മാരാറിന് ഈ ബന്ധത്തേക്കുറിച്ച് അറിയാമായിരുന്നു. സത്യപ്രതിജ്ഞയുടെ സമയത്ത് മുഖ്യമന്ത്രിയുടെ ക്ഷണമുണ്ടായിരുന്നു.
‘താത്വിക അവലോകന’ത്തിന്റെ ഡബ്ബിങ് സമയമായിരുന്നു അത്. സത്യപ്രതിജ്ഞയ്ക്ക് പോയി വന്ന ശേഷം അതിന്റെ ഒരു ഫോട്ടോ ഞാന്‍ ഫെയ്സ്ബുക്കിലിട്ടിരുന്നു. അഖില്‍ മാരാര്‍ അത് ഷെയര്‍ ചെയ്തു. അങ്ങനെയാണ് ആ വിവരം പുറത്തായത്. എന്റെ ഒരു സ്വകാര്യ സന്തോഷവും അഭിമാനവുമൊക്കെയാണത്,’ അദ്ദേഹം പറഞ്ഞു.
അഖില്‍ മാരാര്‍ സംവിധാനം ചെയ്ത താത്വിക അവലോകനാണ് ജയകൃഷ്ണന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം. രാഷ്ട്രീയ ആക്ഷേപഹാസ്യം കൈകാര്യം ചെയ്ത ചിത്രത്തില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനോട് സാമ്യമുള്ള കഥാപാത്രത്തെയാണ് ജയകൃഷ്ണന്‍ അവതരിപ്പിച്ചത്.
ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തത് വിഷ്ണു നാരായണനാണ്. എഡിറ്റര്‍ ലിജോ പോള്‍. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനുമാണ് നിര്‍വഹിച്ചത്.
അസ്ത്ര എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ജയകൃഷ്ണന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം. പദ്മകുമാറിന്റെ ഇന്ദ്രജിത്തും സുരാജും പ്രധാനവേഷങ്ങളിലഭിനയിക്കുന്ന ‘പത്താം വളവ്’, ‘സി.ബി.ഐ 5’ എന്നി ചിത്രങ്ങളാണ് ഇനി ജയകൃഷ്ണന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.