ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പട്ടിണിയാണെന്നു വ്യക്തമാക്കുന്ന വീഡിയോ പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. തേജ് ബഹദൂര്‍ യാദവിന്റെ ഭാര്യ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം മേലധികാരികള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന ആരോപണമുന്നയിക്കുന്നത്.
Dont Miss എല്ലാത്തിനും കാരണക്കാരന്‍ ദിലീപ്: നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍
ജവാന്മാര്‍ക്കുവേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷണം മറിച്ചുവില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തന്നെ പീഡിപ്പിക്കുന്നു. മാപ്പു പറഞ്ഞേ തീരൂ എന്നാണവര്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന വാദവും വീഡിയോ ക്ലിപ്പില്‍ തേജ് ബഹദൂര്‍ തള്ളിയിട്ടുണ്ട്. “യാതൊരു അന്വേഷണവും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നില്ല. എന്നെ ഭീഷണിപ്പെടുത്തലല്ലാതെ” അദ്ദേഹം പറയുന്നു.
Read more: ആര്‍ട്ടിസ്റ്റ് ബേബിയുടെ വ്യത്യസ്ത പ്രതിഷേധം: കമലിനെ നാടുകടത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ
ഭര്‍ത്താവിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ വീഡിയോ പുറത്തുവിട്ടതെന്ന് തേജ് ബഹുദൂറിന്റെ ഭാര്യ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബി.എസ്.എഫ് ജവാന്മാര്‍ നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുമ്പാണ് തേജ് ബഹദൂര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആരോപണമുന്നയിച്ച ബി.എസ്.എഫ് ജവാനെ അധിക്ഷേപിക്കുന്ന സമീപനമാണ് ബി.എസ്.എഫ് സ്വീകരിച്ചത്.
തേജ് ബഹദൂര്‍ സ്ഥിരം മദ്യപാനിയാണെന്നും മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും ഒട്ടേറെ തവണ അച്ചടക്ക നടപടി നേരിട്ടയാളാണെന്നും പറഞ്ഞാണ് ജവാന്റെ ആരോപണങ്ങളെ ബി.എസ്.എഫ് അധികൃതര്‍ പ്രതിരോധിച്ചത്.
എന്നാല്‍ ബി.എസ്.എഫ് അധികൃതരുടെ ആരോപണം തള്ളി തേജ് ബഹദൂറിനെ ശക്തമായ പിന്തുണയുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവിന് മാനസിക അസ്വാസ്ഥ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ ബി.എസ്.എഫ് ജവാനായി അതിര്‍ത്തിയില്‍ കാവല്‍ നിര്‍ത്തിയെന്നും അദ്ദേഹത്തിന് തോക്കു നല്‍കിയെന്നും ചോദിച്ചുകൊണ്ട് ഭാര്യ രംഗത്തുവന്നിരുന്നു.