ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങി ഇരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.
ഏറെ ചര്‍ച്ചയായിട്ടും ഐ.പി.എല്ലിലെ ആദ്യ മത്സരം വിജയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈയ്ക്ക് സാധിച്ചില്ല. മത്സരത്തില്‍ തോറ്റെങ്കിലും മുംബൈയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ താരം സാഹയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ശേഷം സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചും സായ് സുദര്‍ശനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ചും ബുംറ പുറത്താക്കി. നാല് ഓവറില്‍ 14 റണ്‍സാണ് ബുംറ വഴങ്ങിയത്. 3.50 എന്ന മികച്ച എക്കോണമിയില്‍ പന്തറിഞ്ഞ ബുംറ മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു.
ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയെ തേടിയെത്തിയത്. ഐ.പി.എല്ലിലെ ആക്ടീവ് പ്ലെയേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമാകാമനാണ് ബുംറക്ക് സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ജി.ടിക്ക് വേണ്ടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 19 റണ്‍സ് നേടിയപ്പോള്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 22 പന്തില്‍ 31 റണ്‍സും നേടി. ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഇമ്പാക്ട് പ്ലെയര്‍ സായി സുദര്‍ശനായിരുന്നു. 39 പന്തില്‍ നിന്ന് ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 45 റണ്‍സ് ആണ് താരം നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പൂജ്യത്തില്‍ മടങ്ങിയതോടെ മോശം തുടക്കമാണ് ഉണ്ടായത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 43 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത്തിന് പുറമേ ഡിവാള്‍ഡ് ബ്രെവിസ് 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ റോളില്‍ ടീമിനെ വിജയിപ്പിക്കുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു.
Gujarat Titans start in style as usual but it’s Shubman Gill & Co this time😎
ശേഷം ഇറങ്ങിയ കോട്‌സിക്കും ഷാംസ് മൂലാനിക്കും പിയൂഷ് ചൗളക്കും ബുംറക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഗുജറാത്തിനു വേണ്ടി അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ താരം അഹ്‌മത്തുള്ള ഒമര്‍സായി, ഉമേഷ്, യാധവ് സ്‌പെന്‍സര്‍ ജോണ്‍സണ്‍ മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി ടീമിനെ വിജയത്തില്‍ എത്തിച്ചു.
Content highlight: Jasprit Bumrah In Another Record Achievement