ഇപ്പോ തന്നെ ഒന്നായിട്ട് ചവിട്ടിക്കൂട്ടിയേനേ... പരിക്ക് മാറി വന്നവന്‍ പിന്നേം പരിക്കേറ്റ് പോയേനേ; വീഡിയോ
Sports News
ഇപ്പോ തന്നെ ഒന്നായിട്ട് ചവിട്ടിക്കൂട്ടിയേനേ... പരിക്ക് മാറി വന്നവന്‍ പിന്നേം പരിക്കേറ്റ് പോയേനേ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th August 2023, 12:10 pm

ഏറെ കാലമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം സാക്ഷ്യം വഹിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ക്യാപ്റ്റന്റെ റോളിലാണ് താരം എത്തിയിരിക്കുന്നത്.

തന്റെ സ്‌പെല്ലിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ രണ്ടാം വരവ് ഗംഭീരമാക്കിയത്. ഓവറില്‍ മറ്റൊരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ബുംറ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തതും ബുംറയെ തന്നെയായിരുന്നു.


പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ബുംറ വീണ്ടും പരിക്കേറ്റ് വീഴാനുള്ള സാധ്യതയും കഴിഞ്ഞ മത്സരത്തില്‍ ഉടലെടുത്തിരുന്നു. ഫീല്‍ഡിങ്ങിനിടെയാണ് ഇത്തരമൊരു സംഭവം നടന്നത്.

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 14ാം ഓവറില്‍ ഒരു ബൗണ്ടറി സേവ് ചെയ്യുന്നതിനായി ബുംറ പന്തിന് പിന്നാലെ ഓടിയിരുന്നു. എന്നാല്‍ മറ്റൊരു ദിശയില്‍ നിന്ന് ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും പന്ത് തടയാനുറച്ച് ഓടിവരുന്നുണ്ടായിരുന്നു.

ബൗണ്ടറി ലൈനിന് സമീപം ഡൈവ് ചെയ്ത് പന്ത് സ്റ്റോപ് ചെയ്യാനായിരുന്നു ബിഷ്‌ണോയിയുടെ ലക്ഷ്യം. എന്നാല്‍ അതിവേഗം ഓടിയടുത്ത ബുംറക്ക് പെട്ടെന്ന് തന്റെ ഓട്ടം നിര്‍ത്താനും സാധിച്ചില്ല. ഇതോടെ ഡൈവ് ചെയ്തുവന്ന ബിഷ്‌ണോയിക്ക് മുകളിലൂടെ ചാടുക മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന് ചെയ്യാനുണ്ടായിരുന്നത്.

ബുംറയുടെ ഈ ചാട്ടത്തിന് പിന്നാലെ ബിഷ്‌ണോയ് താരത്തെ നോക്കി രസകരമായ രീതിയില്‍ എന്താണെന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

രണ്ട് താരങ്ങളും ഫോര്‍ തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ പന്ത് ബൗണ്ടറി ലൈന്‍ തൊടുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. മഴ മൂലം ഡി.എല്‍.എസ് മെത്തേഡിലൂടെയാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് ബാരി മക്കാര്‍ത്തിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി. 33 പന്തില്‍ നിന്നും പുറത്താകാതെ 51 റണ്‍സായിരുന്നു മക്കാര്‍ത്തിയുടെ സമ്പാദ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയും കളി നിര്‍ത്തിവെക്കുകയുമായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദി വില്ലേജ് തന്നെയാണ് വേദി.

 

 

Content highlight: Jasprit Bumrah escapes another injury