ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമിന്റെയും പേസര്‍മാരാണ് കളി മുമ്പോട്ട് കൊണ്ടുപോകുന്നത്.
മത്സരത്തിന്റെ ആദ്യ ദിനം തന്നെ 23 വിക്കറ്റുകള്‍ വീണിരുന്നു. സിറാജും ബുംറയും മുകേഷ് കുമാറും ഇന്ത്യക്കായി തകര്‍ത്തെറിഞ്ഞപ്പോള്‍ കഗീസോ റബാദയും ലുങ്കി എന്‍ഗിഡിയും നാന്ദ്രേ ബര്‍ഗറുമാണ് പ്രോട്ടിയാസ് നിരയില്‍ തിളങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജ് ഇന്ത്യക്കായി ഫൈഫര്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റേതടക്കം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സിറാജ് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം ഫൈഫറാണിത്.
ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ഫൈഫര്‍ നേടിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആ ചുമതലയേറ്റെടുത്തത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവരെ പുറത്താക്കിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
That’s a brilliant FIVE-WICKET HAUL for @Jaspritbumrah93 🔥🔥
His second at Newlands Cricket Ground and 9th overall.#SAvIND pic.twitter.com/Y6H4WKufoq
— BCCI (@BCCI) January 4, 2024
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ബുംറയുടെ ഒമ്പതാം ഫൈഫര്‍ നേട്ടമാണിത്. ഇതില്‍ മൂന്ന് ഫൈഫറുകളും സൗത്ത് ആഫ്രിക്കന്‍ മണ്ണിലാണ് പിറവിയെടുത്തത്. 2022ല്‍ കേപ് ടൗണിലും 2018ല്‍ ജോഹനാസ് ബെര്‍ഗിലുമാണ് ബുംറ ഇതിന് മുമ്പ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
2022ല്‍ ഡീന്‍ എല്‍ഗര്‍, ഏയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, മാര്‍കോ യാന്‍സെന്‍, ലുങ്കി എന്‍ഗിഡി എന്നിവരെ പുറത്താക്കിയാണ് ബുംറ സൗത്ത് ആഫ്രിക്കയിലെ രണ്ടാം ഫൈഫര്‍ സ്വന്തമാക്കിയത്.
ഹാഷിം അംല, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡി കോക്ക്, ആന്‍ഡില്‍ ഫെലുക്വായോ ലുങ്കി എന്‍ഗിഡി എന്നിവരായിരുന്നു ജോഹനാസ്‌ബെര്‍ഗിലെ ബുംറയുടെ ഇരകള്‍.
സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ മൂന്ന് ഫൈഫറുകള്‍ക്ക് പുറമെ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും രണ്ട് തവണ വീതവും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ഓരോ തവണ വീതവും ബൂം ബൂം അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 158 എന്ന നിലയിലാണ്. 60 റണ്‍സിന്റെ ലീഡാണ് നിലവില്‍ സൗത്ത് ആഫ്രിക്കക്കുള്ളത്. 99 പന്തില്‍ 102 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി റബാദയുമാണ് ക്രീസില്‍.
Content Highlight: Jasprit Bumrah completes fifer against South Africa