ജസ്നയുടെ തിരോധാനം; കോടതി വളപ്പില്‍ കയറി ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം
Kerala
ജസ്നയുടെ തിരോധാനം; കോടതി വളപ്പില്‍ കയറി ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 11:55 am

കൊച്ചി: ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം. കാണാതായ ജസ്‌നയെ കണ്ടെത്താന്‍ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്വദേശി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചത്. കോട്ടയം സ്വദേശി ആര്‍. രഘുനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഹൈക്കോടതി വളപ്പിലാണ് സംഭവം. ജസ്നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി. ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തില്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ജസ്‌ന കേസില്‍ നടപടികള്‍ ഹൈക്കോടതിയില്‍ അനന്തമായി നീളുന്നതിലും ജസ്‌നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന്‍ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്ന മേരി ജെയിംസിന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് തങ്ങള്‍ നല്‍കിയ പരാതികള്‍ പോലീസ് അധികാരികള്‍ അവഗണിക്കുകയായിരുന്നെന്നും ശരിയായ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് തന്റെ പ്രതിഷേധമെന്നുമാണ് ഇയാള്‍ അറിയിച്ചത്.

രണ്ടാഴ്ച മുന്‍പ് ജസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹരജിയിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈ ഹരജി പിന്‍വലിക്കപ്പെട്ടിരുന്നു. അന്ന് ഹരജി പരിഗണിച്ചത് ജസ്റ്റിസ് വി. ഷേര്‍സിയാണ്.

ജസ്നയെ കാണാതായിട്ട് മൂന്ന് വര്‍ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാരന്റെ പ്രതിഷേധം. ജസ്നയെ കണ്ടെത്തുന്നതില്‍ പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് അതൃപ്തി ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജസ്നയുടെ തിരോധാനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് അടുത്തിടെ ദല്‍ഹിയില്‍ പോയിരുന്നു.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് 2018 മാര്‍ച്ചില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ജസ്‌ന ബസ്സില്‍ വന്നതിന് തെളിവുണ്ട് .പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. വെച്ചുച്ചിറ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡി.വൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷിച്ചു.

ബെംഗലൂരു, പൂനൈ ,മുംബൈ ,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും അന്വേഷണസംഘം പോയി. മൊബൈല്‍ഫോണ്‍ കോളുകളടക്കമുള്ള നിരവധി തെളിവുകള്‍ ശേഖരിച്ചെങ്കിലും ജസ്‌നയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2018 സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാല്‍ അന്വേഷണം വീണ്ടും വഴിമുട്ടിയതോടെ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jasna Missing Case Protest In Highcourt