മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തകര്‍പ്പന്‍ വിജയം നേടി ജപ്പാന്റെ നവോമി ഒസാക്ക. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് വുമണ്‍ സിംഗിള്‍സ് കപ്പില്‍ ഒസാക്ക മുത്തമിട്ടത്. 6-4, 6-3 എന്ന സ്‌കോറിനായിരുന്നു ഒസാക്കയുടെ ജയം.
രണ്ടാം തവണയാണ് ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വുമണ്‍ സിംഗിള്‍സില്‍ ചാമ്പ്യനാകുന്നത്. ഇത് ജപ്പാന്‍ താരത്തിന്റെ നാലാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടം കൂടിയാണ്.
ഇരുപത്തിമൂന്നുകാരിയായ ഒസാക്ക സെമി ഫൈനലില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
2020 ഫെബ്രുവരി മുതല്‍ കളിച്ച ഒരൊറ്റ മാച്ചില്‍ പോലും തോല്‍ക്കാതെയാണ് ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണിലെത്തിയത്. ഫൈനലിലെ വിജയത്തോടെ തുടര്‍ച്ചയായ 21ാം ജയമാണ് ഒസാക്ക സ്വന്തമാക്കിയത്.
ഫാന്‍സിന് മുന്‍പില്‍ വെച്ചുതന്നെ ഈ ഗ്രാന്‍ഡ്‌സ്‌ലാം കളിക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഒസാക്ക പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കിയായിരുന്നു നേരത്തെ പല മത്സരങ്ങളും സംഘടിപ്പിച്ചത്.
ലോകത്തെ ഏറ്റവും മികച്ച ചാമ്പ്യന്മാരിലൊരാളാണ് ഒസാക്കയെന്ന് നിരവധി കായികതാരങ്ങള്‍ അഭിനന്ദന പോസ്റ്റുകളില്‍ ആവര്‍ത്തിച്ചു. ഒസാക്കയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് ജെന്നിഫര്‍ ബ്രാഡി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക