World News
ഡെന്മാര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ലാന്‍ഡിനെ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും സംരക്ഷിക്കുന്നില്ല: ജെ.ഡി. വാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 06:53 am
Saturday, 29th March 2025, 12:23 pm

നൂക്ക്: ഡെന്മാര്‍ക്കിന് കീഴിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീന്‍ലാന്‍ഡില്‍ പിടിമുറുക്കി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. ഇവാന്‍സും. റഷ്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഡെന്മാര്‍ക്ക് ഗ്രീന്‍ലാന്‍ഡിന് ആവശ്യമായ സംരക്ഷണം ഒരുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വാന്‍സ് യു.എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദ്വീപിന് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടയാണ് വാന്‍സിന്റെ പരാമര്‍ശവും.

ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള പിറ്റുഫിക്കിലുള്ള യു.എസ് സൈനിക താവളം സന്ദര്‍ശിക്കാനാണ് ജെ.ഡി. വാന്‍സ് ഗ്രീന്‍ലാന്‍ഡില്‍ എത്തിയത്. കരയില്‍ സൈനിക സാന്നിധ്യം വികസിപ്പിക്കാന്‍ യു.എസിന് ഉടനടി പദ്ധതിയില്ലെന്ന് വ്യക്തമാക്കിയ വൈസ് പ്രസിഡന്റ് കൂടുതല്‍ നാവിക കപ്പലുകള്‍ യു.എസ് ദ്വീപിലേക്ക് അയക്കുമെന്നും സന്ദര്‍ശത്തിനിടെ അറിയിച്ചു.

അതേസമയം ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാനുള്ള ട്രംപിന്റെ ആഗ്രഹത്തിനിടയിലും ദ്വീപിന്റെ പരമാധികാരത്തെ ബഹുമാനിക്കുമെന്ന് വാന്‍സ് പ്രതിജ്ഞയെടുത്തു. എന്നാല്‍ വാന്‍സിന്റെ ഈ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാന്‍ ആവാത്തതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്‍ പറഞ്ഞു.

ദീര്‍ഘകാലമായി നാറ്റോ അംഗമായ ഡെന്മാര്‍ക്കിനെതിരെയും യൂറോപ്പിനെതിരേയും വാന്‍സ് ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മാസം ഭൂഖണ്ഡത്തിലെ നിയമവിരുദ്ധ കുടിയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച വാന്‍സ് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിനോട് ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലെന്‍സ്‌കി വേണ്ടത്ര നന്ദി കാണിച്ചില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചോര്‍ന്ന ഹൂത്തി ആക്രമണവുമായി ബന്ധപ്പെട്ട സിഗ്നല്‍ ചാറ്റില്‍ തനിക്ക് യൂറോപ്പിനെ ഇഷ്ടമല്ലെന്ന് വാന്‍സ് തുറന്ന് സമ്മതിച്ചിരുന്നു.

ലോകത്തിന്റെ മുഴുവന്‍ സമാധാനവും ഉറപ്പാക്കാന്‍ യു.എസിന് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന് ട്രംപ് ഇന്നും വൈറ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

നാനാഭാഗവും മഞ്ഞിനാല്‍ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഏറെനാളായി അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. ദ്വീപിലെ ധാതുലവണങ്ങളുടേയും എണ്ണയുടേയും വന്‍ശേഖരമാണ് അമേരിക്കയെ ഗ്രീന്‍ലാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്.

ഡെന്മാര്‍ക്കിന് വര്‍ഷംതോറും 70 കോടിഡോളറാണ് ഗ്രീന്‍ലാന്‍ഡിന്റെ ഭരണത്തിലൂടെ നഷ്ടമാകുന്നതെന്നും അതിനാല്‍ അത് യു.എസിന് കൈമാറിയാല്‍ അവര്‍ക്ക് വന്‍ലാഭമുണ്ടാകുമെന്നും ട്രംപ് മുമ്പ് ഡെന്മാര്‍ക്കിനെ ഉപദേശിച്ചിരുന്നു.

Content Highlight: J.D. Vance also holds a tight grip on Greenland; Denmark criticized for not protecting the island from China and Russia