Advertisement
Sports News
പല ബ്രസീല്‍ താരങ്ങളും കലഹിച്ചാണ് ആ ചാമ്പ്യന്‍ ടീം വിട്ടത്, താരങ്ങളെ പരിഗണിച്ചത് മോശം രീതിയില്‍: റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 06:09 am
Saturday, 29th March 2025, 11:39 am

സ്പാനിഷ് സൂപ്പര്‍ ടീം ബാഴ്‌സലോണയും ബ്രസീല്‍ താരങ്ങളുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരവും ബ്രസീല്‍ ഇതിഹാസവുമായ റൊണാള്‍ഡോ നസാരിയോ.

മാനേജ്‌മെന്റ് താരങ്ങളെ മോശം രീതിയിലാണ് പരിഗണിച്ചതെന്നും റിവാള്‍ഡോ മുതല്‍ നെയ്മര്‍ വരെ പല ബ്രസീല്‍ താരങ്ങളും കലഹിച്ചാണ് ടീം വിട്ടതെന്നുമാണ് റൊണാള്‍ഡോ പറയുന്നത്.

മുന്‍ ബ്രസീല്‍ താരം റൊമാരിയോയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘വളരെ കാലമായി അവര്‍ക്ക് മാനേജ്‌മെന്റ് പ്രശ്‌നങ്ങളുണ്ട്, അത് വയറിലേറ്റ പഞ്ച് പോലെയായിരുന്നു. ഞാന്‍ ആ നഗരത്തെ ഇഷ്ടപ്പെട്ടുവരികയായിരുന്നു. ടീമുമായി കലഹിച്ചാണ് റിവാള്‍ഡോ ബാഴ്‌സ വിട്ടത്. റൊണാള്‍ഡീന്യോയും നെയ്മറും ടീം വിട്ടതും മാനേജ്‌മെന്റുമായുള്ള കലഹത്തിന്റെ ഭാഗമായാണ്.

ബാഴ്‌സലോണ ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം പടുത്തുയര്‍ത്തിയ ചരിത്രകഥകള്‍ നോക്കൂ, എന്നാല്‍ ഒടുവില്‍ ആ ബന്ധം വഷളാവുകയും മോശം രീതിയില്‍ അവസാനിക്കുകയുമായിരുന്നു,’ റൊണാള്‍ഡോ പറഞ്ഞു.

1997ലാണ് റിവാള്‍ഡോ ബാഴ്‌സയിലെത്തുന്നത്. ടീമിനൊപ്പം അഞ്ച് സീസണുകളില്‍ 157 മത്സരത്തില്‍ താരം ബൂട്ടുകെട്ടിയിരുന്നു. 86 ഗോളുകളും നേടി. എ.സി മിലാനിലേക്കാണ് താരം ശേഷം തട്ടകം മാറ്റിയത്.

റിവാള്‍ഡോ

 

2003ലാണ് റൊണാള്‍ഡീന്യോ പി.എസ്.ജിയില്‍ നിന്നും കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തുന്നത്. ടീമിനൊപ്പം കളിച്ച 145 മത്സരത്തില്‍ നിന്നും 70 ഗോളുകളും താരം നേടി. 2008ല്‍ റിവാള്‍ഡോയെ പോലെ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനിലേക്ക് മാറി.

റൊണാള്‍ഡീന്യോ

ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്നും 2009ലാണ് നെയ്മര്‍ ബ്ലൂഗ്രാനയിലെത്തിയത്. ടിമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള നിരവധി കിരീടനേട്ടങ്ങളില്‍ താരം ഭാഗമായിരുന്നു. മെസിക്കും സുവാരസിനുമൊപ്പം ഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിരയുടെ ഭാഗമായിരിക്കവെ 2017ല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് (222 മില്യണ്‍ യൂറോ) താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് മാറുകയായിരുന്നു.

നെയ്മര്‍

 

റൊണാള്‍ഡോ നസാരിയോയും കരിയറില്‍ ബാഴ്‌സയ്ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 1996-1997 കാലഘട്ടത്തില്‍ 37 മത്സരത്തിലാണ് താരം ബ്ലൂഗ്രാനയുടെ ഭാഗമായത്. 34 ഗോളുകളും ബാഴ്‌സ ജേഴ്‌സിയില്‍ താരം നേടിയിട്ടുണ്ട്.

 

Content Highlight: Ronaldo Nazario about FC Barcelona