Film News
പൃഥ്വിരാജ് ഐ.എസ് ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടോ? ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണം; വിദ്വേഷ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 05:26 am
Saturday, 29th March 2025, 10:56 am

എമ്പുരാന്‍ റിലീസിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരനെതിരെ വിദ്വേഷ പരാമര്‍ശവുമായി യുവമോര്‍ച്ച നേതാവ് കെ. ഗണേഷ്. പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്നാണ് കെ. ഗണേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കൊറോണ കാലത്ത് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും കെ. ഗണേഷ് കുറിപ്പില്‍ പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് പൃഥ്വിരാജ് സുകുമാരന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്.

കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കൊറോണ കാലത്തെ ഈ അറേബ്യന്‍ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.

ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ബഹിഷ്‌ക്കരിക്കാനല്ല മറിച്ച് എമ്പുരാന്‍ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.

Content Highlight: Yuva Morcha Leader K Ganesh Makes Hateful remarks Towards Prithviraj Sukumaran After Empuraan Movie