ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ ജയം സ്വന്തമാക്കി പ്ലേ ബോള്‍ഡ് ആര്‍മി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് പാടിദാറും സംഘവും നേടിയത്. 2008ന് ശേഷം ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ ആര്‍.സി.ബി സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്.
റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറില്‍ 146 റണ്‍സിന് ഒതുക്കാന്‍ പടിദാറിന്റെ സംഘത്തിന് സാധിച്ചിരുന്നു. ആര്‍.സി.ബിക്കായി ജോഷ് ഹെയ്സല്‍വുഡ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാലും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റ് വീതവും നേടി.
Anbuden breached! 👊
Our biggest win against CSK (by runs)! 🧱🔥#PlayBold #ನಮ್ಮRCB #IPL2025 #CSKvRCB pic.twitter.com/Ivwm7jR9pj
— Royal Challengers Bengaluru (@RCBTweets) March 28, 2025
ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ബെംഗളൂരു ജയം സ്വന്തമാക്കിയത്. 32 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്സും നാല് ഫോറും അടങ്ങിയതാണ് പടിദാറിന്റെ ഇന്നിങ്സ്. ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, ടിം ഡേവിഡ് എന്നിവരുടെ ഇന്നിങ്സുകളും ബെംഗളൂരു നിരയില്‍ നിര്‍ണായകമായി.
ഇപ്പോള്‍ ബെംഗളൂരു നായകന്‍ രജത് പാടിദാറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ആര്‍.സി.ബി കോച്ചുമായിരുന്ന സഞ്ജയ് ബാംഗര്‍. ഐ.പി.എല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്ന ഏറ്റവും മികച്ച മധ്യനിര ബാറ്ററാണ് രജത് പാടിദാറെന്നാണ് ബാംഗര്‍ പറഞ്ഞത്. റണ്ണൊഴുക്ക് തടയാന്‍ ഫ്രാഞ്ചൈസികള്‍ക്ക് പടിദാറിനെ നേരിടാന്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് ബാംഗര്‍.
‘ഐ.പി.എല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്ന ഏറ്റവും മികച്ച മധ്യനിര ബാറ്ററാണ് രജത് പാടിദാര്‍. സ്പിന്നര്‍മാരെ അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ പല ഫ്രാഞ്ചൈസികള്‍ക്കും അദ്ദേഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടിവരും,’ ബാംഗര്‍ പറഞ്ഞു.
ചെന്നൈക്കെതിരെ പാടിദാറിന്റെ ബെംഗളൂരു നേടിയ വിജയത്തെ കുറിച്ചും ബാംഗര്‍ സംസാരിച്ചു. ചെപ്പോക്കിലേത് വലിയ വിജയമാണെന്നും അത് കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 196 റണ്‍സ് വലിയ സ്‌കോറാണെന്നും മത്സരത്തില്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്ത ടിം ഡേവിഡ് മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആര്‍.സി.ബിക്ക് ഇതൊരു വലിയ വിജയമാണ്. കാരണം ഇത് കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചെന്നൈയുടെ സ്പിന്നര്‍മാര്‍ക്കെതിരെ
അവരുടെ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചെപ്പോക്ക് വലിയൊരു ഗ്രൗണ്ടായതിനാല്‍ റണ്‍സ് എളുപ്പമായിരുന്നില്ല. 196 റണ്‍സ് ഒരു വലിയ സ്‌കോറാണ്. ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡ് മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചു,’ ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: IPL 2025: CSK vs RCB: Former Indian Player And RCB Coach Sanjay Bangar Talks About Rajat Patidar