ജന്നത്ത് സമരവീരക്ക് പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാം
Kerala News
ജന്നത്ത് സമരവീരക്ക് പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 11:38 am

മലപ്പുറം: മഞ്ചേരി ​ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാന്റും ഷർട്ടും ധരിച്ച് സ്കൂളിൽ പോകാം. ഇതുസംബന്ധിച്ച്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കി.

പെൺകുട്ടികൾ ചുരിദാറും കോട്ടും ആൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കാൻ പി.ടി.എ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, തന്റെ മകളെ പാന്റും ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജന്നത്തിന്റെ രക്ഷിതാവായ അഡ്വ. ഐഷ .പി. ജമാൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

സ്ലിറ്റ് ഇല്ലാത്ത സല്‍വാര്‍ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവര്‍കോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാവ് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയത്.

തുടർന്ന് അദ്ദേഹം വിഷയം പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി. പരാതി തീർപ്പാക്കാനായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ രക്ഷിതാക്കൾ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, പരാതിക്കാരി എന്നിവരുമായി സ്കൂളിൽലെത്തി കൂടിക്കാഴ്ച നടത്തി. എന്നാല്‍ നിലവിലെ യൂണിഫോം മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പി.ടി.എ.യുടെ നിലപാട്.

തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജന്നത്തിന്‌ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാമെന്നും ജൻഡർ ന്യൂട്രല്‍ യൂണിഫോം ധരിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് പി.ടി.എ നിർദേശിച്ച യൂണിഫോം ധരിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

തന്റെ കുട്ടിക്ക് ആണ്‍കുട്ടികളുടേതുപോലെ പാന്റും ഷര്‍ട്ടും ധരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയാണുണ്ടായതെന്ന് ഐഷ പി. ജമാല്‍ പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിലും പുരോഗമന കാഴ്ചപ്പാടിലും പ്രതീക്ഷയര്‍പ്പിച്ചാണ് മകളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

 

Content Highlight: Jannath Samaraweera can wear pants and shirt to go to school