'ശരിയെന്നുറപ്പിച്ചതിന് ശേഷമാണ് ആ വാര്‍ത്ത നല്‍കിയത്' , സ്വപ്നയും ശിവശങ്കറും ബഹിരാകാശവിവരങ്ങള്‍ ചോര്‍ത്തിയെന്ന ജനയുഗം വാര്‍ത്തയെക്കുറിച്ച് എഡിറ്റര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നല്‍കിയത് ധാര്‍മികതയുടെ ഭാഗമായാണെന്ന് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്. സ്വപ്‌ന സുരേഷും ശിവശങ്കറും തുടര്‍ച്ചയായി ബെംഗളുരുവിലുള്ള ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതായും ഇവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി എന്‍.ഐ.എ കണ്ടെത്തിയെന്നുമായിരുന്നു ജനയുഗം പ്രസിദ്ധീകരിച്ച വാര്‍ത്ത.
ജനയുഗത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ.രംഗനാഥന്‍ നല്‍കിയ വാര്‍ത്ത കൃത്യമാണെന്നും ഇത്തരമൊരു വാര്‍ത്ത കൊടുക്കാതിരുന്നാല്‍ അത് മാധ്യമധര്‍മമാവില്ലെന്നും രാജാജി മാത്യു തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ബഹിരാകാശവിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ അന്വേഷണം നടക്കുന്നതായി വാര്‍ത്തയില്‍ പറയുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ നേരത്തേതന്നെ ശിവശങ്കറിനെതിരെ സി.പി.ഐയും ജനയുഗവും നിലപാടെടുത്തിട്ടുണ്ട്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെടുന്നില്ല, എന്നാല്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് പറയാനുള്ളത്’, അദ്ദേഹം പറഞ്ഞു.
വാര്‍ത്ത കൊടുത്തതിന് ശേഷം സി.പി.ഐയുടെ ഭാഗത്തുനിന്നും ഇതുവരെയും എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും രാജാജി മാത്യു തോമസ് പറയുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധമായി വന്ന വാര്‍ത്തകളുമായി ജനയുഗത്തിന്റെ വാര്‍ത്തയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഇത് വസ്തുനിഷ്ഠമായി പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’എഡിറ്റര്‍ എന്ന നിലയില്‍ വാര്‍ത്ത പരിശോധിച്ചിരുന്നു, വാര്‍ത്ത തയ്യാറാക്കിയ കെ.രംഗനാഥനില്‍ വിശ്വാസവുമുണ്ട്, പത്രത്തില്‍ കൊടുക്കുന്ന എല്ലാ വാര്‍ത്തയും സി.പി.ഐയുമായി ചര്‍ച്ച നടത്തി കൊടുക്കാന്‍ കഴിയില്ലല്ലോ, പക്ഷേ സി.പി.ഐയുടെയും നിലപാട് ഇതുതന്നെയാണെന്ന് മനസ്സിലാക്കുന്നു’, അദ്ദേഹം ആവര്‍ത്തിച്ചു.
വാര്‍ത്തയില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തു നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയതായിട്ടാണ് ആരോപിക്കുന്നത്. ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാര്‍ത്തയില്‍ ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് എന്‍.ഐ.എയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി എത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ട്.
‘ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഐ.എസ്.ആര്‍.ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബി.ഇ.എല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐ.എസ്.ആര്‍.ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍.ഐ.എയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു’ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍.ഐ.എ അന്വേഷണസംഘം ദുബായില്‍ എത്തിയിട്ടുള്ളതെന്നും. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബി.ഇ.എല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.ഐ.എസ്.ആര്‍.ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍.ഐ.എ സംഘം കൊണ്ടുവന്നിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.