എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു പ്രതികരിച്ചത് ബി.ജെ.പി മാത്രം: സഭയില്‍ ബി.ജെ.പി യോടൊപ്പമെന്ന് പി.സി.ജോര്‍ജ്
Kerala News
എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു പ്രതികരിച്ചത് ബി.ജെ.പി മാത്രം: സഭയില്‍ ബി.ജെ.പി യോടൊപ്പമെന്ന് പി.സി.ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 5:52 pm

തിരുവനന്തപുരം: നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്ന് പി.സി ജോര്‍ജ്. എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു. പ്രതികരിച്ചത് ബി.ജെ.പി മാത്രമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേത്തു.

പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബി.ജെ.പി. യുമായി സഭയിലും സഹകരിക്കാന്‍ ധാരണയായത്. പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബി.ജെ.പി ക്കാരെന്നും ജോര്‍ജ പറഞ്ഞു. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ജനപക്ഷത്തിന് ഇപ്പോള്‍ തുല്യ അകലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ബി.ജെ.പി യുമായി നീക്കുപോക്കുകള്‍ ആകുമെന്നതിന് ബിജെപിയില്‍ ചേരുമെന്നല്ല അര്‍ത്ഥമെന്നും ജനപക്ഷം എന്ന പ്രസ്ഥാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല.

Also Read:  രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എലിലെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് – സി.പി.ഐ.എം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ലക്ഷ്യം. നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ഒ. രാജഗോപാലുമായി മാത്രമാണെന്നും പി.സി വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പി യില്‍ ചേരില്ല, സഹകരണം മാത്രമെന്നും പി.സി ജോര്‍ജ് വിശദീകരിച്ചു.

പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ സി.പി.ഐ.എമ്മിനുള്ള പിന്തുണ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഈ പഞ്ചായത്തുകളില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കി.

നേരത്തെ പാര്‍ട്ടി നിര്‍ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചിരുന്നു. തെക്കേക്കര പഞ്ചായത്തിലും സി.പി.ഐ.എം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പറഞ്ഞു.

Also Read:  സന്നിധാനത്ത് പ്രതിഷേധം നടത്തരുത്, നിരോധനാജ്ഞ നിലനില്‍ക്കും: ഹൈക്കോടതി

പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകള്‍ സി.പി.ഐ.എംജനപക്ഷം ധാരണയിലാണു ഭരിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നല്‍കാമെന്നാണു ധാരണ. എന്നാല്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം രൂപപ്പെട്ടിരുന്നു.

തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.