ചെയ്ത വേഷങ്ങളെല്ലാം വ്യത്യസ്തമാക്കിക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ജലജ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലൂടെ തിരിച്ചുവന്ന് ജലജ ചെയ്ത കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജലജ. സംവിധായകന്‍ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലേക്ക് നെടുമുടി വേണു പറഞ്ഞിട്ടാണ് താന്‍ എത്തിയതെന്ന് ജലജ പറയുന്നു.
‘പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഫാസില്‍ ഒരു നാടകം സംവിധാനം ചെയ്തു. അതില്‍ നെടിമുടി വേണുചേട്ടനും ഞാനുമുണ്ടായിരുന്നു. അതിനിടയിലാണ് വേണുചേട്ടന്‍ പറയുന്നത് ജി. അരവിന്ദന്‍ തമ്പ് എന്ന പേരില്‍ ഒരു സിനിമയെടുക്കുന്നുണ്ടെന്ന്. ഒരു ഫോട്ടോ തരൂ, നോക്കട്ടെ എന്നും പറഞ്ഞു. ഫോട്ടോ കൊടുത്തു അപ്പോഴും സിനിമ സ്വപ്‌നത്തിലേ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വേണുചേട്ടന്റെ കത്ത് കിട്ടുന്നത്.
സംവിധായകനെ കാണാന്‍ തിരുവനന്തപുരത്ത് എത്തണം. അങ്ങനെ ഞാനും അച്ഛനും അമ്മയും തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും എന്തോ ആവശ്യത്തിനായി അരവിന്ദേട്ടന്‍ ദല്‍ഹിയില്‍ പോയിരുന്നു. ഞങ്ങള്‍ തിരിച്ചുപോന്നു. പിന്നീട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുനാവായയില്‍ ഷൂട്ടിംഗ് തുടങ്ങുവാണ്, വരണമെന്ന് പറഞ്ഞ് വീണ്ടും വേണുച്ചേട്ടന്റെ കത്ത് വന്നു.