മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ് സംവിധായകനാണ് ജോഷി. കാലങ്ങളായി മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം അലങ്കരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ജയൻ മുതൽ ജോജു വരെയുള്ള താരങ്ങൾക്കൊപ്പം മലയാള സിനിമയിൽ എന്നും അദ്ദേഹം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആന്റണി.
ജോഷിയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ ജേക്സ് ബിജോയ്.
ജോഷിയോടൊപ്പം വർക്ക് ചെയ്യുമ്പോൾ സിനിമയിൽ വലിയ പ്രതീക്ഷയാണെന്നും. അദ്ദേഹം ഒരു ബ്രാൻഡ് ആണെന്നും ജേക്സ് പറയുന്നു.
ചെയ്യുന്ന വർക്ക് ഇഷ്ടമായിലെങ്കിൽ അത് തുറന്ന് പറയുന്നതിലും നല്ലതാണെങ്കിൽ അഭിനന്ദിക്കുന്നതിലും അദ്ദേഹത്തിന് ഒരു മടിയുമില്ലെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് ജേക്സ് പറഞ്ഞു.
‘ജോഷി സാറിന്റെ കൂടെ വർക്ക് ചെയുമ്പോൾ എന്റെ ക്രീയേറ്റീവ് പ്രൊസ്സസിന്റെ രീതി തന്നെ വേറേ ആയിരിക്കും. ജോഷി എന്ന ബ്രാൻഡ് ഉണ്ടെങ്കിൽ തന്നെ ആ സിനിമയിലുള്ള പ്രതീക്ഷ എത്രത്തോളമുണ്ടെന്ന് എല്ലാവർക്കും അറിയാം. ഓരോ സീനും എടുക്കുമ്പോൾ നമുക്കത് മനസിലാവും.
ജോഷി സാർ ഓരോ റീലും കഴിയുമ്പോൾ ഒന്ന് വന്ന് കാണും. അത് അദ്ദേഹത്തിന് ഓക്കെ അല്ലങ്കിൽ ജോഷി സാർ അത് തുറന്ന് പറയും. സോഫ്റ്റ് ആയിട്ടൊന്നുമല്ല, എന്ത് ബോറാണിത് എന്നാണ് ചോദിക്കുക.
ജോഷി സാറിന് നമ്മൾ ചെയ്ത ഒരു വർക്ക് ഇഷ്ടമായില്ലെങ്കിൽ അത് എന്തായാലും മാറ്റാൻ പറയും. അത് നല്ല രീതിയിൽ വന്നിട്ടുണ്ടെങ്കിൽ അദ്ദേഹം നമ്മളെ അഭിനന്ദിക്കുന്ന ഒരു രീതിയുണ്ട്. ഭയങ്കര ഇമോഷണലാണ് ജോഷി സാർ.
അത് അത്രയും ഇഷ്ടമായിട്ടുണ്ടെങ്കിൽ അദ്ദേഹം ചിലപ്പോൾ കരയുകയൊക്കെ ചെയ്യും. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നവർക്ക് അത് നൽകുന്ന എനർജി വളരെ വലുതാണ്,’ജേക്സ് ബിജോയ് പറയുന്നു.