കുറഞ്ഞകാലം കൊണ്ട് മലയാള സിനിമയ്ക്ക് തന്റേതായ മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് സച്ചി. സച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകളെല്ലാം വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത അദ്ദേഹം അവയിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയിരുന്നു. 2020 ൽ അദ്ദേഹം ലോകത്തോട് വിടപറയുമ്പോൾ ‘വിലായത്ത് ബുദ്ധ’ എന്ന തന്റെ സിനിമ ബാക്കിയാക്കിയായിരുന്നു യാത്ര പറഞ്ഞത്.
സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് സംഗീതസംവിധായകൻ ജേക്സ് ബിജോയ്. അയ്യപ്പനും കോശിയിൽ സംഗീതസംവിധാനം നിർവഹിച്ചത് ജേക്സ് ആയിരുന്നു. അയ്യപ്പനും കോശിയും സിനിമയ്ക്ക് ശേഷം സച്ചി തന്നോട് അടുത്ത പടമായ വിലായത്ത് ബുദ്ധയെ കുറിച്ചും അതിനുവേണ്ടി തയ്യാറാവാൻ വേണ്ടിയും പറഞ്ഞിരുന്നുവെന്നാണ് ജേക്സ് പറയുന്നത്.
അതായിരുന്നു തങ്ങൾ തമ്മിലുള്ള അവസാന സംഭാഷണമെന്നും വിലായത്ത് ബുദ്ധ എന്നുമൊരു നൊസ്റ്റാൾജിയ ആണെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് ജേക്സ് പറഞ്ഞു.
‘മറയൂര് നടക്കുന്ന ഒരു കഥയാണ് വിലായത്ത് ബുദ്ധ. ഇന്ദുഗോപൻ സാറിന്റെ ഒരു നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണത്.
എനിക്ക് ശരിക്കും വിലായത്ത് ബുദ്ധ ഒരു നൊസ്റ്റാൾജിയയാണ്. കാരണം അയ്യപ്പനും കോശിയും ഷൂട്ടിങ് കഴിഞ്ഞപ്പോൾ സച്ചിയേട്ടൻ എന്നോട് പറഞ്ഞിരുന്നു വിലായത്ത് ബുദ്ധയെ കുറിച്ച്. അന്നദ്ദേഹം പറഞ്ഞത്, അടുത്തത് വരുന്നുണ്ട് വിലായത്ത് ബുദ്ധ, നീ റെഡിയായിട്ട് ഇരുന്നോ എന്നായിരുന്നു. എനിക്ക് കുറച്ച് ജാപ്പനീസ് ട്രാക്ക് ഒക്കെ വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഞങ്ങൾ തമ്മിലുള്ള ആ സംഭാഷണമായിരുന്നു ആ പടത്തെ കുറിച്ചുള്ള അവസാനത്തെ സംസാരം. പിന്നീട് ജയൻ ഭായ് ആണ് ആ പടത്തെ മുന്നോട്ട് കൊണ്ട്പോയത്.
ഞങ്ങൾക്കെല്ലാം ഒരു ഇമോഷണൽ കണക്ഷൻ ഉള്ള ചിത്രമാണ് വിലായത്ത് ബുദ്ധ. എന്റെയൊക്കെ ഒരു ഐഡന്റിറ്റിയാണ് അയ്യപ്പനും കോശിയും.