ഹേഗ്: മാനവികതെക്കിരായ കുറ്റകൃത്യത്തിനെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നടപടികൾ നേരിട്ടേക്കാം. ബോൾസനാരോ പാരിസ്ഥിതിക നയങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും തദ്ദേശീയ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചും അന്വേഷിക്കാൻ ബ്രസീലിലെ തദ്ദേശിയ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരുമാണ് കോടതിയെ സമീപിച്ചത്.
പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ വില്ല്യം ബോർഡൺ വെള്ളിയാഴ്ച ഹേഗിലെ ട്രൈബ്യൂണലിൽ പ്രാഥമിക പരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിച്ചു. ബോൾസനാരോയ്ക്കെതിരായ അന്വേഷണത്തിന് അടിസ്ഥാനമുണ്ടോ എന്ന് ചീഫ് പ്രോസിക്യൂട്ടർ ഫാറ്റോ ബെനസൗഡയാണ് അന്വേഷിക്കുക.
അടിയന്തരമായ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് വില്ല്യം പറഞ്ഞു. ആമസോണിന് സംഭവിക്കുന്ന നാശം കണക്കിലെടുത്ത് തങ്ങൾ ക്ലോക്കിനെതിരെ ഓടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ ബോൾസനാരോ അധികാരമേറ്റതിനുശേഷം മഴക്കാടുകൾ നശിപ്പിക്കുകയും പരമ്പരാഗത വിഭാഗക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വനനശീകരണം രണ്ടുവർഷത്തിനിടെ 50 ശതമാനത്തോളം ഉയർന്ന് 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. തദ്ദേശീയർക്ക് നേരെയുള്ള ആക്രമണത്തിൽ 135 ശതമാനം വർദ്ധനയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഫൈൻ കുറയ്ക്കുകയും ചെയ്തു. ബോൾസനാരോയുടെ ഇത്തരം നടപടികൾ വലിയ വിമർശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുമ്പോഴും സർക്കാർ ഉദാസീനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് എൻ.ജി.ഒകളുടെ കൂട്ടായ്മയായ ക്ലൈമറ്റ് ഒബ്സർവേറ്ററിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മാർസിയോ ആസ്ട്രിനി പറഞ്ഞു. കാലവസ്ഥ, വനം, തദ്ദേശീയരായ ജനങ്ങൾ എന്നിവർക്കെതിരെ സംഘടിതമായ ആക്രമണമാണ് ബോൾസനാരോയുടെ കീഴിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വംശഹത്യ, യുദ്ധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ യു.എൻ പിന്തുണയുള്ള കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.