[]ഹൈദരാബാദ്: ആദ്ധ്രപ്രദേശ് വിഭജനത്തിനെതിരെ ആറുദിവസമായി ജയിലില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജഗ്മോഹന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[]
ഒസ്മാനിയ ആശുപത്രിയിലേക്കാണ് ജയിലധികൃതര്‍ ജഗനെ മാറ്റിയത്. ആശുപത്രിയിലും നിരാഹാരം തുടരുന്ന ജഗന്‍ ഡ്രിപ്പ് സ്വീകരിക്കാന്‍ വിസമ്മതിച്ചു. ജഗനെ കാണാനായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ആശുപത്രി വളപ്പിലേക്കെത്തിചേര്‍ന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് 2012 മുതല്‍, ചഞ്ചല്‍ഗുഡ ജയിലില്‍ തടവില്‍ കഴിയുകയാണ് ജഗ്മോഹന്‍. 2012 മെയില്‍ അറസ്റ്റിലായ ജഗന്‍ ആദ്യമായാണ് ഇതിനുശേഷം പുറംലോകത്ത് എത്തുന്നത്.
അതിനിടെ ജഗന്റെ ഒപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ ഭാര്യ വൈ.എസ് ഭാരതിയെയോ ജഗന്റെ അമ്മ വിജയമ്മയെയോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്‌പെഷല്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി.
അപേക്ഷയെ എതിര്‍ത്ത സിബിഐ ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ നിയമം അനുവദിക്കില്ലെന്ന് വാദിച്ചു. ജഗന്റെ അപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും.
ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള തീരുമാനത്തിനെതിരായാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജഗന്‍ ജയിലില്‍ മരണം വരെ നിരാഹാര സമരം തുടങ്ങിയത്. എല്ലാ പ്രദേശങ്ങളോടും ഒരുപോലെ നീതി പുലര്‍ത്താനായില്ലെങ്കില്‍ സംസ്ഥാനത്തെ വിഭജിക്കരുതെന്നാണ് ജഗന്റെ ആവശ്യം.
ഇതേ ആവശ്യം മുന്‍നിര്‍ത്തി ജഗ്മോഹന്റെ മാതാവും വൈ എസ് ആര്‍ കോണ്‍ഗ്രസ് ഒണററി പ്രസിഡണ്ടുമായ വൈ എസ് വിജയമ്മ 19മുതല്‍ അനുഷ്ഠിച്ച് വരുന്ന അനിശ്ചിതകാല നിരാഹാരം പോലീസ് നിര്‍ബന്ധപൂര്‍വ്വം അവസാനിപ്പിച്ചിരുന്നു.
ആറാം ദിവസത്തിലേക്ക് നീണ്ട നിരാഹാരത്തിനൊടുവില്‍ പോലീസ് വിജയമ്മയെ ഗുന്തര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക മാറ്റുകയായിരുന്നു. തുടര്‍ന്ന നിരാഹാരം അവസാനിപ്പിച്ച അവര്‍ ഹൈദരാബാദിലേക്ക് മടങ്ങി.