ഏഴ് സിനിമകള്‍ അവര്‍ എന്നെ വെച്ച് ചെയ്തു, അടുത്തതില്‍ അവര്‍ സുരേഷ് ഗോപിയെ നായകനാക്കി, എനിക്ക് ആരോടും പരാതിയില്ല: ജഗദീഷ്
Movie Day
ഏഴ് സിനിമകള്‍ അവര്‍ എന്നെ വെച്ച് ചെയ്തു, അടുത്തതില്‍ അവര്‍ സുരേഷ് ഗോപിയെ നായകനാക്കി, എനിക്ക് ആരോടും പരാതിയില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 3:45 pm

മലയാള സിനിമ മേഖലയിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. 1984 ല്‍ നവോദയയുടെ ‘മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ’ സിനിമയിലേക്ക് വന്ന ജഗദീഷ്, നാല് പതിറ്റാണ്ടില്‍ ഏറെയായി തുടരുന്ന തന്റെ സിനിമാ ജീവിതത്തില്‍ 250 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അദ്ദേഹം തിരക്കഥാകൃത്തും കോളേജ് അധ്യാപകനും ടെലിവിഷന്‍ അവതാരകനുമാണ്.

സിനിമ മേഖലയിലും വ്യക്തി ജീവിതത്തിലും ഒരേപോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്. എന്നാല്‍ വ്യക്തിജീവിതത്തിലെ ബന്ധവും പ്രൊഫഷണല്‍ ജീവിതത്തിലെ ബന്ധവും കൂട്ടികലര്‍ത്തിയാല്‍ അതോടെ ഉള്ള സൗഹൃദങ്ങള്‍ നഷ്ടപ്പെടും എന്ന് വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ജഗദീഷ്.

താനും അനില്‍ബാബുമാരും (അനിലും ബാബുവും സംവിധായക ജോഡികളാണ്) ഒന്നിച്ച് ഏഴ് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഏഴ് സിനിമകള്‍ക്ക് ശേഷം അവര്‍ സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുകയാണെന്നും പറഞ്ഞുവെന്ന് ജഗദീഷ് പറയുന്നു. അവര്‍ അത് തന്നോട് പറഞ്ഞത് വളരെ മടിച്ചാണെന്നും എന്നാല്‍ തനിക്കത് കേട്ടപ്പോള്‍ വിഷമമേ ആയില്ലെന്നും അതിന് ശേഷവും സൗഹൃദം തുടര്‍ന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘വ്യക്തിജീവിതത്തിലെ ബന്ധവും പ്രൊഫഷണല്‍ ജീവിതത്തിലെ ബന്ധവും തമ്മില്‍ കൂട്ടികലര്‍ത്തിയാല്‍ അതോടെ ഉള്ള സൗഹൃദം കൂടെ പോകും. മാന്ത്രികച്ചെപ്പ്, വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, സ്ത്രീധനം, കുടുംബ വിശേഷം, എന്നിങ്ങനെ അനില്‍ബാബുമാരുടെ ഏഴ് സിനിമകള്‍ തുടര്‍ച്ചയായി എന്നെ നായകനാക്കി ചെയ്തു.

അത് കഴിഞ്ഞ് അവര്‍ സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു. മടിച്ച് മടിച്ചാണ് അവര്‍ എന്റെ അടുത്ത് അത് പറയാന്‍ വന്നത്. എനിക്കത് ഒരു വിഷയമേ ആയില്ല. അനില്‍ബാബുമാര്‍ പിന്നീട് മമ്മൂട്ടിയെ വെച്ചും സുരേഷ് ഗോപിയെ വെച്ചും സിനിമകള്‍ ചെയ്തു. അപ്പോഴും അവരുമായുള്ള സൗഹൃദം തുടര്‍ന്നു,’ ജഗദീഷ് പറയുന്നു.

ഓരോ സൗഹൃദത്തിലും എവിടെ നില്‍ക്കണമെന്നും, പ്രിയദര്‍ശനും മോഹന്‍ലാലുമായും വര്‍ഷങ്ങള്‍ തമ്മിലുള്ള പരിചയമാണെന്നും എപ്പോള്‍ എന്ത് സംസാരിക്കണം എന്ന് അറിയുന്നത് കൊണ്ട് ആ സൗഹൃദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘ ഓരോ സൗഹൃദത്തിലും എവിടെ നില്‍ക്കണം എന്നത് വലിയ പാഠമാണ്. പ്രിയനും ലാലും ഒക്കെയായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. എപ്പോള്‍ സംസാരിക്കണം, എപ്പോള്‍ നിര്‍ത്തണം എന്ന് അറിയാവുന്നത് കൊണ്ട് ആ സൗഹൃദങ്ങള്‍ ഇപ്പോഴും തുടരുന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks about Suresh Gopi, Priyadarshan, And Mohanlal