പണ്ടത്തെ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് നടന്‍ ജഗദീഷ്. അന്നത്തെ കാലത്ത് പ്രിയദര്‍ശന് എം.ടി വാസുദേവന്‍ നായറിന്റെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എം.ടിയുടെ പല കഥാപാത്രങ്ങള്‍ക്കും ട്രാജിക്കായ അവസാനമാണ് ഉണ്ടായിട്ടുള്ളതെന്നും ജഗദീഷ് പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നത്തെ കാലത്ത് പ്രിയദര്‍ശന് എം.ടി സാറിന്റെ വലിയ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിരുന്നു. ലോഹിതദാസിനും അതുണ്ടായിരുന്നു. ഞാന്‍ തുറന്നു പറയുകയാണ്. എം.ടി സാറിന്റെ പല കഥാപാത്രങ്ങള്‍ക്കും ട്രാജിക്ക് ആയ എന്‍ഡിങ്ങാണ്. നിങ്ങള്‍ തന്നെയൊന്ന് ആലോചിച്ചു നോക്കൂ.
മുറപ്പെണ്ണ് എന്ന സിനിമയുടെ ക്ലൈമാക്‌സ് എങ്ങനെയായിരുന്നു. പിന്നെ ഇരുട്ടിന്റെ ആത്മാവ് എന്ന കഥയുടെ ക്ലൈമാക്‌സ് നോക്കൂ. എം.ടി സാറിന്റെ കഥാപാത്രങ്ങളില്‍ ഒരാളാണ് മുറപ്പെണ്ണിലെ ബാലന്‍. ബാലന് അയാള്‍ ആഗ്രഹിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ പറ്റുന്നില്ല.
എല്ലാത്തിലും നായകന്മാര്‍ പരാജയമാണ്. നഗരമേ നന്ദി എന്ന സിനിമയിലും അങ്ങനെ തന്നെയാണ്. ആ സിനിമയില്‍ നസീര്‍ സാറിന്റെ കഥാപാത്രം സിറ്റിയിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ സ്വന്തം സഹോദരി ഒരു പ്രോസ്റ്റിറ്റിയൂട്ടായി മാറുകയാണ്. അവസാനം അവരുടെ പിന്നാലെ സാറിന്റെ കഥാപാത്രം ഓടുമ്പോള്‍ കാറ് കയറി ആ സഹോദരി മരിക്കുകയാണ്.
അത് തികഞ്ഞ ദുരന്തമായിരുന്നു അത്. എം.ടി സാറിന്റെ അന്നത്തെ നിഴലാട്ടം എന്ന കഥയും വലിയ ട്രാജഡിയായിരുന്നു. അദ്ദേഹത്തിന്റെ പടങ്ങള്‍ എടുത്തു നോക്കൂ, എല്ലാം ഒരു തരത്തില്‍ ട്രാജഡിയാകും.
ഓളവും തീരവും അങ്ങനെ തന്നെയല്ലേ. അതില്‍ അവസാനം നായികയെ കൊല്ലേണ്ട വല്ല കാര്യവുമുണ്ടോ. പിന്നെ സദയം, അത് എന്തൊരു ട്രാജഡിയാണ്. നമ്മളെയങ്ങ് ഡിസ്റ്റര്‍ബ് ചെയ്ത് തളര്‍ത്തി കളയുന്നില്ലേ. സുകൃതവും അങ്ങനെ തന്നെയാണ്.
ചുരുക്കത്തില്‍ എം.ടി സാറിന്റെ സ്വാധീനം പ്രിയദര്‍ശനിലും ലോഹി സാറിലുമുണ്ട്. അവസാനം പ്രേക്ഷകരെയൊന്ന് കരയിച്ച് വിടുകയെന്നതാണ് അവരുടെ പണി. എനിക്ക് അതിനോടൊന്നും യോജിപ്പില്ല,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About MT Vasudevan Nair’s Influnence In Priyadarshan’s Movie