മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കോമഡികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അദ്ദേഹം ഈയിടെയായി അച്ഛന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. 2023ല്‍ ഇറങ്ങിയ ഫാലിമിയിലും ഈയിടെ പുറത്തിറങ്ങിയ വാഴ എന്ന സിനിമയിലുമൊക്കെ അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷ് എത്തിയത്.
പലരും തന്നോട് ചെറുപ്പമായിട്ടുണ്ടല്ലോയെന്ന് പറയാറുണ്ടെന്നും കാണാന്‍ ചെറുപ്പമാണെങ്കിലും താനൊരു ചെറുപ്പക്കാരനല്ലെന്ന് സ്വയം മനസിലാക്കിയിട്ടുണ്ടെന്നും പറയുകയാണ് ജഗദീഷ്. താന്‍ ഇനിയും ഒരു നായകനായി നടന്നാല്‍ പ്രേക്ഷകര്‍ ചൂരല് കൊണ്ട് നല്ല അടിതരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘പലരും എന്നോട് വളരെ ചെറുപ്പമായിട്ടുണ്ടല്ലോയെന്ന് പറയാറുണ്ട്. ഞാന്‍ കാണാന്‍ ചെറുപ്പമായിരിക്കാം, പക്ഷെ ഞാനത്ര ചെറുപ്പമല്ല എന്നാണ് അപ്പോള്‍ മറുപടി നല്‍കാറുള്ളത്. കാണാന്‍ ചെറുപ്പമാണെങ്കിലും ഞാനൊരു ചെറുപ്പക്കാരനല്ലെന്ന് സ്വയം ആദ്യം മനസിലാക്കണമല്ലോ.
അല്ലാതെ ഞാന്‍ ഇനിയും ഒരു നായകനായിട്ട് പ്രേമവും കാര്യങ്ങളുമായി നടന്നാല്‍ പ്രേക്ഷകര്‍ ചൂരല് കൊണ്ട് നല്ല അടിതരും. ആ കാര്യവും എനിക്ക് അറിയാം. എന്നില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതാണ് ഞാന്‍ ചെയ്യേണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു അച്ഛന്‍ സ്‌റ്റേജിലാണ്.
അതില്‍ നിന്നുകൊണ്ട് എങ്ങനെ വെറൈറ്റി കൊടുക്കാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വേണമെങ്കില്‍ ഫ്‌ളാഷ്ബാക്കില്‍ രണ്ട് സീനിലൊക്കെ റൊമാന്‍സ് കൊടുക്കാം. അത് ചിലപ്പോള്‍ ജനം സഹിക്കും. ഡി ഏജിങ്ങോ ഗ്രാഫിക്‌സോ ഇല്ലാതെ തന്നെ കുറിച്ചൊക്കെ പിടിച്ചുനില്‍ക്കാം (ചിരി).
കഥാപാത്രത്തിന്റെ വ്യത്യസ്ത കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ സിനിമയിലെയും അച്ഛന്‍മാര്‍ വ്യത്യസ്തരായിരിക്കണം എന്നാണ്. ഫാലിമിയിലെ അച്ഛനല്ല വാഴയിലെ അച്ഛന്‍. അയാളുടെ പെരുമാറ്റങ്ങളും ചലനങ്ങളും ഇമോഷന്‍സുമെല്ലാം വ്യത്യസ്തമാകണം. ആ വ്യത്യാസം എനിക്ക് കൊണ്ട് വരാന്‍ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About His Movies