കൃഷാന്ദും മമ്മൂക്കയും ഒന്നിക്കുന്ന സിനിമ ഉണ്ടാവും, മമ്മൂക്ക തന്നെ അതിനെ പറ്റി എന്നോട് പറഞ്ഞു: ജഗദീഷ്‌
Film News
കൃഷാന്ദും മമ്മൂക്കയും ഒന്നിക്കുന്ന സിനിമ ഉണ്ടാവും, മമ്മൂക്ക തന്നെ അതിനെ പറ്റി എന്നോട് പറഞ്ഞു: ജഗദീഷ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th March 2023, 5:40 pm

സംവിധായകന്‍ കൃഷാന്ദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമെന്ന് നടന്‍ ജഗദീഷ്. കൃഷാന്ദിന്റെ കയ്യില്‍ ഒന്നിലധികം സബ്‌ജെക്ട് ഉണ്ടെന്നും അദ്ദേഹവുമായി സഹകരിക്കുമെന്ന് മമ്മൂട്ടി തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. കൃഷാന്ദും നടി ദേവകിയും ജഗദീഷിനൊപ്പം അഭിമുഖത്തിനെത്തിയിരുന്നു.

‘മമ്മൂട്ടിയും കൃഷാന്ദും ഒന്നിച്ചുള്ള സിനിമ ഉണ്ടാവും. കൃഷാന്ദുമായി സഹകരിക്കുമെന്ന് മമ്മൂക്ക തന്നെ എന്നോട് പറഞ്ഞു. പക്ഷേ അത് എന്നാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കൃഷാന്ദിന്റെ കയ്യില്‍ മമ്മൂക്കക്ക് പറ്റിയ സബ്‌ജെക്ട് ഉണ്ട്. നമ്മള്‍ തിരക്ക് കൂട്ടിയിട്ട് കാര്യമില്ല. വേറേയും സബ്‌ജെക്ട് ഉണ്ട്. പറഞ്ഞ രണ്ടുമൂന്ന് കഥയില്‍ ഞാനുണ്ട്, അതാണ് ഒരു സന്തോഷം ( ചിരിക്കുന്നു).

രണ്ടുമൂന്ന് സിനിമകളുടെ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. പുരുഷ പ്രേതത്തിലെ കഥാപാത്രവുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണ് മനസില്‍ ഉള്ളത്. അത് എനിക്ക് കൂടുതല്‍ ത്രില്ലാണ്. എന്നെ പോലും അത്ഭുതപ്പെടുത്തുന്ന ചില കഥാപാത്രങ്ങള്‍ കൃഷാന്ദിന്റെ കയ്യിലുണ്ട്,’ ജഗദീഷ് പറഞ്ഞു.

മമ്മൂട്ടിക്കായി ഒരു ക്രേസി കഥയാണുള്ളതെന്നാണ് കൃഷാന്ദ് പറഞ്ഞത്. അതില്‍ ജഗദീഷ് സാറുമുണ്ട്. കുറച്ച് ഇംപോസിബിളായ സിനിമയാണ്. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പേടിയാവുന്നുണ്ട്, കൃഷാന്ദ് കൂട്ടിച്ചേര്‍ത്തു.

കൃഷാന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുരുഷ പ്രേതം മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. പ്രശാന്ത് അലക്‌സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, ജിയോ ബേബി, ദേവകി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം അജ്ഞാത ശവങ്ങളെ ഭരണ സംവിധാനങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Jagadish says that director Krishand and Mammootty will have a film together