Sports News
പ്രായം വെറും നമ്പറല്ലേ... 48ാം വയസില്‍ 31 പന്തില്‍ 64*; തകര്‍ത്തടിച്ച് കാല്ലിസ്, കവച്ചുവെച്ച് ഇന്ത്യന്‍ താരം
യു.എസ്. മാസ്റ്റേഴ്‌സ് ടി-10 ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം ജാക് കാല്ലിസ്. കഴിഞ്ഞ ദിവസം ടെക്‌സസ് ചാര്‍ജേഴ്‌സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് പുറത്തെടുത്താണ് കാലിഫോര്‍ണിയ നൈറ്റ്‌സ് താരം കാല്ലിസ് ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ചത്.
തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു കാല്ലിസ് ബാറ്റ് വീശിയത്. കാലിഫോര്‍ണിയക്കായി ഓപ്പണറുടെ റോളില്‍ ഇറങ്ങി കൊടുങ്കാറ്റ് തീര്‍ത്താണ് കാല്ലിസ് ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ചത്.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ സില്‍വര്‍ ഡക്കായി നഷ്ടമായെങ്കിലും അതൊന്നും കാല്ലിസിനെ ബാധിച്ചിരുന്നില്ല. തന്റെ 48ാം വയസിലും സിക്‌സറും ബൗണ്ടറികളുമായി കാല്ലിസ് കളം നിറഞ്ഞാടി. മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താകാതെ 64 റണ്‍സാണ് കാല്ലിസ് നേടിയത്. 206.45 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
കാല്ലിസിനൊപ്പം കട്ടക്ക് നിന്ന മിലിന്ദ് കുമാറും ചാര്‍ജേഴ്‌സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. 28 പന്തില്‍ നിന്നും പുറത്താകാതെ 76 റണ്‍സാണ് മിലിന്ദ് നേടിയത്. ആറ് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 271.42 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഈ 32കാരന്‍ വെടിക്കെട്ട് നടത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നൈറ്റ്‌സ് സ്വന്തമാക്കിയത്.
ചാര്‍ജേഴ്‌സ് ബൗളര്‍മാരെ നിലത്തുനിര്‍ത്താതെയായിരുന്നു കാല്ലിസും മിലിന്ദും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 12 എന്ന എക്കോണമിയില്‍ പന്തെറിയുകയും ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഫിഡല്‍ എഡ്വാര്‍ഡ്‌സാണ് കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഗ്യാന്‍ ഓജയുടെ ഓവറില്‍ 26 റണ്‍സാണ് പിറന്നത്. ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറും നൈറ്റ്‌സ് അടിച്ചെടുത്തപ്പോള്‍ മൂന്ന് റണ്‍സ് വൈഡിന്റെ രൂപത്തില്‍ ഓജ വെറുതെയും നല്‍കി.
159 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ ചെയ്‌സ് ചെയ്തിറങ്ങിയ ചാര്‍ജേഴ്‌സിന് തുടക്കത്തിലെ പിഴച്ചു. രണ്ട് റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിനെ രണ്ടാം പന്തില്‍ തന്നെ ചാര്‍ജേഴ്‌സിന് നഷ്ടമായി.
ടോപ് ഓര്‍ഡറില്‍ മുക്താര്‍ അഹമ്മദും (10 പന്തില്‍ 33 റണ്‍സ്) ക്യാപ്റ്റന്‍ ബെന്‍ ഡങ്ക് (9 പന്തില്‍ 18) ഉപുല്‍ തരംഗ (19 പന്തില്‍ 27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ നൈറ്റ്‌സ് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ചാര്‍ജേഴ്‌സിനെ അനുവദിച്ചില്ല. ഒടുവില്‍ പത്ത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയില്‍ ടെക്‌സസ് പോരാട്ടം അവസാനിപ്പിച്ചു.
കാലിഫോര്‍ണിയ നൈറ്റ്‌സിനായി ആഷ്‌ലി നേഴ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പവന്‍ സുയാല്‍, റിക്കാര്‍ഡോ പവല്‍, സുലൈമാന്‍ ബെന്‍, പീറ്റര്‍ സിഡില്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Jacques Kallis’ brilliant batting in US Masters T10