'സര്‍ക്കാര്‍ ജോലി മതിയായി; ഇനിയുള്ള കാലം വേറെയെന്തെങ്കിലും ചെയ്യണം'; തന്നെ വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും ജേക്കബ് തോമസ്
Kerala
'സര്‍ക്കാര്‍ ജോലി മതിയായി; ഇനിയുള്ള കാലം വേറെയെന്തെങ്കിലും ചെയ്യണം'; തന്നെ വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും ജേക്കബ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 7:15 pm

തിരുവനന്തപുരം: തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികരിച്ചു. സര്‍ക്കാര്‍ ജോലിയില്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യണമെന്നും ജേക്കബ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുമാസത്തെ അവധിയെടുത്ത കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തേ വിജിലന്‍സ് ഡയറക്ടറെ എന്തുകൊണ്ടാണ് മാറ്റാത്തത് എന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അടുത്തകാലത്തായി വിജിലന്‍സ് നിരന്തരമായി ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.


Don”t Miss: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ തീരുമാന പ്രകാരമാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് സ്ഥിരമായി മാറ്റുന്നതിവനു മുന്നോടിയായാണ് അവധിയില്‍ പ്രവേശിക്കാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടത് എന്നും സൂചനകളുണ്ട്.

ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ്, ടി.പി ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് എന്നീ കേസുകളില്‍ കര്‍ശന നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതു കൂടാതെ ജിഷ കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് വിജിലന്‍സ് റിപ്പേര്‍ട്ട് നല്‍കിയതും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.