Advertisement
Football
അവന്റെ മനസിലിരിപ്പ് എങ്ങനെയെന്ന് നമുക്കറിയാന്‍ സാധിക്കില്ല; ഹാലണ്ടിനെ കുറിച്ച് സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 06, 05:37 am
Saturday, 6th May 2023, 11:07 am

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡുമായി നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

മത്സരത്തില്‍ എര്‍ലിങ് ഹാലണ്ട്, നാഥന്‍ ആക്കെ, ഫില്‍ ഫോഡന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കളിയുടെ 70ാം മിനിട്ടിലാണ് ഹാലണ്ടിന്റെ ഗോള്‍ പിറന്നത്. ഇതോടെ ഈ സീസണിലെ ഇ.പി.എല്‍ ഗോള്‍ നേട്ടങ്ങളുടെ എണ്ണം 35 തികച്ചിരിക്കുകയാണ് താരം.

മത്സരത്തിന് ശേഷം തന്റെ സഹതാരമായ ഹാലണ്ടിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ജാക്ക് ഗ്രീലിഷ്. ഹാലണ്ടിന്റെ പെര്‍ഫോമന്‍സിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നമാണെന്നും അദ്ദേഹം സക്‌സസ്ഫുള് പ്ലെയറാണെന്നും ഗ്രീലിഷ് പറഞ്ഞു. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രീലിഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ കണ്ടതില്‍ വെച്ച് മികച്ച പ്രൊഫഷണല്‍ ഫുട്‌ബോളറാണ് ഹാലണ്ട്. അവന്റെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. അവനെല്ലാം ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകുന്നു, മണിക്കൂറുകളോളം പരിശീലിക്കുന്നു, ഐസ് ബാത്തും ഡയറ്റുമെടുക്കുന്നു. അതുകൊണ്ടൊക്കെയാണ് അവനിങ്ങനെ പെര്‍ഫോം ചെയ്യുന്നത്. എന്നെ കൊണ്ടൊന്നും അതിന് സാധിക്കില്ല.

ഞാനവനെ പോലെ സക്‌സസ്ഫുള്‍ പ്ലെയര്‍ അല്ല. ഈ സീസണില്‍ അവന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഞാനെന്റെ കരിയറില്‍ നേടിയതിനെക്കാള്‍ കൂടുതലാണ് അത്,’ ഗ്രീലിഷ് പറഞ്ഞു.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇതുവരെ കളിച്ച 45 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളാണ് ഹാലണ്ട് അക്കൗണ്ടിലാക്കിയിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 34 മത്സരങ്ങളില്‍ നിന്ന് 24 ജയത്തോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ ആഴ്സണലാണ് രണ്ടാം സ്ഥാനത്ത്.

മെയ് ആറിന് ലീഡ്സ് യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

Content Highlights: Jack Greelish praises Erling Haaland