'കേരളത്തില്‍ ബി.ജെ.പി നടത്തുന്ന തന്ത്രം'; ഗുജറാത്തിലും യു.പിയിലും വിജയിച്ച ബി.ജെ.പിയുടെ 'പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ്'തിരിച്ചറിയണമെന്ന് ജെ. എസ് അടൂര്‍
Kerala News
'കേരളത്തില്‍ ബി.ജെ.പി നടത്തുന്ന തന്ത്രം'; ഗുജറാത്തിലും യു.പിയിലും വിജയിച്ച ബി.ജെ.പിയുടെ 'പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ്'തിരിച്ചറിയണമെന്ന് ജെ. എസ് അടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 7:30 pm

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി നടത്തുന്ന പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് തിരിച്ചറിയണമെന്ന് കെ.പി.സി.സി പബ്ലിക് പോളിസി അധ്യക്ഷന്‍ ജെ.എസ് അടൂര്‍.

ഒരു സ്ഥലത്ത് വിവിധ ജാതിയും മതവുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ആളുകള്‍ക്കിടയിലേക്ക് പ്രാദേശികമായി ഉണ്ടാകുന്ന വിഷമം ഉപയോഗിച്ച് സംശയവും സ്പര്‍ധയും ഉണ്ടാക്കുന്ന രീതി ബി.ജെ.പി കേരളത്തില്‍ ഉണ്ടാക്കുന്നുവെന്നും അത് തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി ആദ്യം ഗുജറാത്തിലാണ് ഇത് നടത്തിയതെന്നും അവിടെ നടത്തി വിജയിച്ച ഈ തന്ത്രം 2012 മുതല്‍ ഉത്തര്‍ പ്രദേശിലും നടത്തിവരികയാണെന്നും അദ്ദേഹം എഴുതുന്നു.

ബി.ജെ.പി യുപിയില്‍ ആദ്യം ചെയ്തത് വോട്ട് ധ്രുവീകരണമാണെന്ന് അദ്ദേഹം പറയുന്നു. മുസ്‌ലിം വോട്ടും ഒ.ബി.സി യാദവ എന്നീ വോട്ടുകള്‍ ഒരുമിച്ച് കിട്ടിക്കൊണ്ടിരുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 2014-15 കാലത്താണ് ഇവര്‍ ആരംഭിക്കുന്നതെന്നും യു.പിയില്‍ ഉത്ഭവിച്ച ലവ് ജിഹാദ് ഇറക്കിയാണ് കേരളത്തിലും ബി.ജെ.പി ഇത് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് രണ്ട് തരത്തിലാണ്; ഒന്ന് ക്രിസ്ത്യന്‍ മുസ്‌ലിം ആളുകളെ ഭിന്നിപ്പിക്കുക, അതിനും അഞ്ച് വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ ഫേക്ക് ഐഡികളും മുസ്‌ലിം ഐഡികളും ഉപയോഗിച്ച് തമ്മില്‍ സംശയം ജനിപ്പിക്കുക.
രണ്ട്, കേരളത്തിലെ ഈഴവരെ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ബി.ജെ.പിക്ക് അനുകൂലമാക്കുക എന്നിവയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ആണ് അവരുടെ ലോങ് ടേം ടാര്‍ഗറ്റ് എന്നും ജെ. എസ് അടൂര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചതില്‍ നിന്ന് ഒരു വരി മാത്രം എടുത്ത് പെട്ടെന്ന് പ്രചരിപ്പിച്ചത് പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫേക്ക് ഐഡികളിലൂടെയാണെന്നും ഇത്തരം ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ പൊളിറ്റിക്കല്‍ എന്‍ജിനീറിങ്ങ് തിരിച്ചു അറിയുക

ഏതാണ്ട് ഒമ്പതുകൊല്ലം മുമ്പാണ് ബി ജെ പി 2012 മുതല്‍ യൂ പി യില്‍ പൊളിറ്റിക്കല്‍ എന്‍ജിനിയറിങ്ങ് പ്രൊജക്റ്റ് ശാസ്ത്രീയമായി തുടങ്ങിയത്. അതു നേരെത്തെ ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ചു മോഡലാണ്.

എന്താണ് അത്? മൈക്രോ ടാര്‍ഗെറ്റിങ് മെസ്സേജ്‌റിംഗ് എന്ന തന്ത്രം.

ഒരു സ്ഥലത്തു വിവിധ ജാതികളും മതങ്ങളും സൗഹര്‍ദ്ദത്തില്‍ ജീവിക്കുകയാണെങ്കില്‍ ഏതെങ്കിലും ലോക്കല്‍ വിഷമം ഉപയോഗിച്ച് പരസ്പരം സംശവും സ്പര്‍ദ്ധയും വളര്‍ത്തി വോട്ടു ധ്രുവികരിക്കുന്ന വിദ്യയാണ്.

അവിടെ ശക്തമായിരുന്ന സമാജവാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയായിരുന്നു ആദ്യഘട്ടം. കാരണം യാദവ, ഓ ബി സി വോട്ടുകളും മുസ്ലിം വോട്ടുകളും ഒരുമിച്ചു കിട്ടിയിരുന്നു എന്നതായിരുന്നു സമാജ് വാദിപാര്‍ട്ടിയുടെ ബേസ് വോട്ട്.

അവിടെ മുസ്‌ലിം-ഒ.ബി.സി സ്പര്‍ദ്ധയുണ്ടാക്കിയത് അങ്ങനെയുള്ളവര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളെയും പരസ്പരം വിശ്വാസത്തെയും തകര്‍ത്താണ്. അതിന് ഉപയോഗിച്ചത് ലോക്കല്‍

പ്രശ്‌നങ്ങളായിരുന്നു..

യു.പിയില്‍

ഉദാഹരണത്തിന് ഒരു യാദവ യുവാവ് മുസ്‌ലിം സമുദായത്തിലുള്ള പെണ്ണിനെ സ്‌നേഹിച്ചാല്‍. വളരെ കൃത്യമായി മുസ്ലിം ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയും എസ്.എം.എസ് വഴിയും വാട്‌സ്ആപ്പ് വഴിയും മുസ്ലിങ്ങളുടെ ഇടയില്‍ മെസ്സേജ് കൊടുക്കും ‘ മുസ്ലിം പെണ്‍കുട്ടികളെ തട്ടി കൊണ്ട് പോകുന്നുവെന്ന് ‘. ഒരൊറ്റ ഇന്‍സിഡന്റ് ഇഷ്യൂ ആക്കി പെരുപ്പിച്ചു കോമണ്‍ സെന്‍സ് ആക്കും. അതു മുസ്ലിങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളാക്കി.
അതുപോലെ തിരിച്ചു യാദവ വ്യാജ ഐഡികള്‍ ഉണ്ടാക്കി മുസ്‌ലിം പെണ്ണുങ്ങള്‍ യാദവ ആണുങ്ങളെ വലയിട്ട് പിടിച്ചു മുസ്ലിങ്ങള്‍ ആക്കുന്നു എന്നായിരിക്കും. അല്ലെങ്കില്‍ തിരിച്ചു മുസ്ലിം യുവാക്കള്‍ യാദവ പെണ്‍കുട്ടികളെ സ്വാധീനിച്ചു മുസ്‌ലിങ്ങളാക്കുന്നു. ഒരൊറ്റ ഇന്‍സിഡന്റ് ഉപയോഗിച്ച് ആദ്യം ലോക്കല്‍ തലത്തിലും പിന്നീട് അതാതു സമുദായങ്ങളില്‍ ടാര്‍ഗറ്റ്‌റ്ഡ് മെസ്സേജ് സ്ഥിരമായി അയച്ചു അവിടെ കോമണ്‍ സെന്‍സ് സൃഷ്ടിക്കുക എന്നതാണ്. എന്നിട്ട് അതു മാക്രോ നരേറ്റിവ് ആക്കി വോട്ടു ധൃവീകരിക്കുക എന്നതാണ്.
ഇതിന് വേണ്ടി യു പി യില്‍ ഫുള്‍ ടൈം രണ്ടു കൊല്ലം പ്രവര്‍ത്തിച്ചത് അഞ്ഞൂറ് പേരുടെ ടീമായിരുന്നു

ഗുജറാത്തില്‍

അതു ഗുജറാത്തില്‍ 2000- 2007വരെ ചെയ്തത് ഗുജറാത്തില്‍ മുസ്ലിങ്ങള്‍ ലോക്കല്‍ ബിസിനസ്സുകള്‍ പിടിക്കുന്നു എന്ന മെസ്സേജ് ലോക്കല്‍ പട്ടേല്‍ /ഓ ബി സി /ബ്രമ്മിന്‍ എന്നിവരിലൂടെ. അന്ന് ചെയ്തത് ലോക്കല്‍ വിസ്പെരിങ് ക്യാമ്പയ്നിലൂടെ. 2002 ലെ ഗുജറാത്ത് മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയ കലാപം നടന്നപ്പോള്‍ കൃത്യമായി മുസ്ലിം കടകള്‍ കത്തിച്ചു. എന്നിട്ട് മുസ്ലിങ്ങള്‍ തിരിച്ചു അടിക്കും എന്ന മെസെജില്‍ ഹിന്ദുക്കളെയും ഹിന്ദു വോട്ടുകളെ ഏകീകരിച്ചു

ഇതാണ് മോഡി -ഷാ മൈക്രോ ടാര്‍ഗറ്റ്റ്റിങ് മെസ്സജിങ്ങ് മോഡല്‍ വോട്ടു ധൃവീകരണ സ്ട്രാറ്റജി.
ഇതു ആദ്യം ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിപ്പിച്ച മോഡലാണ്. ഇതു പരീക്ഷിക്കുന്നത് അഞ്ചു കൊല്ലം ഉപയോഗിച്ചാണ്. ഒരു ചെറിയ ഇഷ്യൂ കണ്ടു അതിനെ പര്‍വതീകരിച്ചു എലിയെ മലയാണ് എന്ന് വരുത്തി കോമണ്‍സെന്‍സ് ഉണ്ടാക്കുക എന്നത്. ഒരു മൈക്രോ നരെറ്റിവ് എങ്ങനെ ഊതിപെരുപ്പിച്ചു മീഡിയ ഉപയോഗിച്ച് മാക്രോ നരേറ്റീവ് ആക്കുക എന്നത്.

ഇതിനാണ് ആദ്യമായി പ്രശാന്ത് കിഷോറിന് ഔട്ട്‌സോഴ്സ് ചെയ്തു മൈക്രോടാര്‍ഗറ്റ്ഡ് മെസ്സജിങ്ങ് ക്യാമ്പയിന്‍ നടത്തിയത്
അതു ഗുജറാത്തില്‍ ബിസിനസ് ബീഫ്, ടെററിസം എന്ന നരെറ്റിവ്. യു പി യില്‍ വിവാഹ മതം മാറ്റം ബീഫ് എന്ന നരേറ്റിവ്. ഇതു രണ്ടും ഉപയോഗിച്ച് മുസ്ലിം വിരുദ്ധത മനഃപൂര്‍വം സൃഷ്ടിച്ചു ഹിന്ദുവോട്ടുകള്‍ ധൃവീകരിക്കുക എന്നതാണ്.

അങ്ങനെ കൃത്യമായി അഞ്ചു വര്‍ഷ പ്രൊജക്റ്റ് മാനേജ്മെന്റ് സ്‌റ്റൈലില്‍ മത സ്പര്‍ദ്ധയുണ്ടാക്കി വോട്ടു ധ്രുവീകരണം നടത്തുക എന്നതാണ്. അതിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എസ് എം എസ്, വാട്‌സ് അപ്പ് മെസ്സജിങ്ങാണ്.

കേരളത്തില്‍

ഇതു കേരളത്തില്‍ തുടങ്ങിയത് 2014-15 ലാണ്. ആദ്യമായി യു പി യില്‍ കോയിന്‍ ചെയ്ത ലവ് ജിഹാദ് കേരളത്തില്‍ ഇറക്കിയാണ്. കേരളത്തില്‍ അതു ടാര്‍ഗറ്റ് ചെയ്തത് ക്രിസ്ത്യാനികളുടെ ഇടയിലാണ്.
കേരളത്തിലെ പൊളിറ്റിക്കല്‍ എഞ്ചിനീറിങ് രണ്ടു തലത്തിലാണ്.

ഒന്ന്. ക്രിസ്ത്യന്‍ -മുസ്ലിം ആളുകളെ ഭിന്നിപ്പിക്കുക. അതിന് അഞ്ചു കൊല്ലമായി ക്രിസ്ത്യന്‍ ഫേക്ക് ഐഡികളും മുസ്ലിം ഫേക്ക് ഐഡികളും ഉപയോഗിച്ച് തമ്മില്‍ സംശയം വളര്‍ത്തുക. അതിന്റെ ടാര്‍ഗറ്റ് യൂ ഡി എഫ് നെ തകര്‍ക്കുക എന്നതാണ്.
രണ്ടു : കേരളത്തിലെ ഈഴവരെ എല്‍ ഡി എഫ് ഇല്‍ നിന്നും യു ഡി എഫ് ഇല്‍ നിന്നും ബി ജെ പി ക്ക് അനുകൂലമാക്കുക. ലോങ്ങ് ടെം പ്രധാന ടാര്‍ഗറ്റ് സി പി എം ആണ്.

കഴിഞ്ഞ ദിവസം മത സൗഹര്‍ദം ആഹ്വാനം ചെയ്തു ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചതില്‍ നിന്ന് ഒരു വരി മാത്രം എടുത്തു പെട്ടെന്ന് പ്രചരിപ്പിച്ചത് പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിലെ ഫേക്ക് ഐഡികളിലൂടെയാണ് .
ആ ഒറ്റ വരിക്കെതിരെ സഭ പ്രസ്താവന ഇറക്കിയതും അതെ പൊളിറ്റിക്കല്‍ എഞ്ചിനിയറിങ്ങ്.

നൂറു ശതമാനം ക്രിസ്തീയ വിശ്വാസി യായ ചാണ്ടി ഉമ്മനെ ക്രിസ്ത്യന്‍ വിരോധിയാക്കിയത് പൊളിറ്റിക്കല്‍ എഞ്ചിന്നെയറിങ്ങ് കോമണ്‍ സെന്‍സ് ക്രിസ്ത്യാനികള്‍കിടയില്‍ വിന്യസിക്കുന്നതില്‍ സംഘ പരിവാര്‍ ഒരു പരിധി വരെ വിജയിച്ചത് കൊണ്ടാണ്. അങ്ങനെ കലക്കിയ വെള്ളത്തില്‍ എല്‍ ഡി എഫ് മീന്‍ പിടിക്കും. അതിന്റ ഔട്‌സോഴ്‌സിങ് ഇപ്പോള്‍ ജോസ്മാണി കോണ്ഗ്രസ് വഴിയാണെന്ന് മാത്രം.
ബി ജെ പി യുടെ ലോങ്ങ് ടെം സ്ട്രാറ്റജി നായര്‍ -ഈഴവ -വിശ്വകര്‍മ്മ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാനുള്ള ശ്രമം. അതിന് അവരെ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരാക്കുക.

ഇതിന് ആദ്യം ഉപയോഗിക്കുന്നത് മൈക്രോ ടാര്‍ഗെറ്റിങ് മെസ്സേജിങ്. ഒരു ഇന്‍സിഡന്റ് ആദ്യം ഇഷ്യൂ ആക്കും. എന്നിട്ട് അവര്‍ നേരത്തെ കള്‍ട്ടിവേറ്റ് ചെയ്ത മീഡിയ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് മാക്രോ നരേറ്റിവ് കോമണ്‍സെന്‍സ് ഉണ്ടാക്കി വിജയിപ്പിക്കുക.

കേരളത്തില്‍ അതു തുടങ്ങിയത് നിരന്തരമായി ക്രിസ്ത്യാനികളുടെ ഇടയില്‍, പ്രതേകിച്ചു കത്തോലിക്കരുടെ ഇടയില്‍ ലവ് ജിഹാദ് ധാരണയുണ്ടാക്കിയാണ്. ഇവിടെ ഒന്നോ രണ്ടോ സംഭവങ്ങള്‍ ഊതി പെരുപ്പിച്ചു വാട്‌സ് അപ്പ് വഴി മൈക്രോ ടാര്‍ഗറ്റ്ഡ് മെസ്സേജ് കൊടുക്കും.
അതെപോലെ ക്രിസ്ത്യാനികള്‍ക്കെതിരായി മുസ്ലിം ഈഴവ സമുദായങ്ങളില്‍ മതം മാറ്റം ആരോപിച്ചു മെസ്ജ്ങ് നടത്തും. അതു പിന്നെ മാധ്യമ ചര്‍ച്ചകള്‍ ആക്കി കോമണ്‍ സെന്‍സ് ആക്കും.

കേരളത്തില്‍ ഉള്‍പ്പെടെ ഈ മോഡി -ഷാ ഇലക്ഷന്‍ മാനേജ്മെന്റ് മോഡല്‍ ഏതാണ്ട് 20 സംസ്ഥാനങ്ങളില്‍ പ്രൊജക്റ്റ് മാനേജ്മെന്റ് മോഡലില്‍ അമ്പതും നൂറും പേരുള്ള ടീമിനെ വച്ചു നടത്തിയാണ് പലയിടത്തും ബി ജെ പി ജയിച്ചത്.

ക്രിസ്ത്യന്‍ -മുസ്ലിം സ്പര്‍ദ്ധ നിര്‍മാണം

കേരളത്തില്‍ ക്രിസ്ത്യാനികളുട ഇടയില്‍ മുസ്ലിം വിരുദ്ധതയുണ്ടാക്കാന്‍ നാലു കാര്യങ്ങളാണ് ഉപയോഗിക്കുന്നത് : മ) ലവ് ജിഹാദ്. ഒന്നോ രണ്ടോ സംഭവങ്ങളെ ഊതി പെരുപ്പിച്ചു യ) മതഭീകരത – അതു തുടങ്ങിയത് ജോസഫ് മാഷിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് വെട്ടിയ ഒറ്റ സംഭവം ഊതി പെരുപ്പിച്ചു. പിന്നെ ക്രിസ്ത്യനി പെണ്‍കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിന് ഐ എസ് എസ് ലേക്ക് കടത്തുന്നു എന്നത്. ര) മുസ്ലിം ജന സംഖ്യ കൂടുന്നു എന്നത് (.ഇതു നായര്‍ ഈഴവ സമുദായങ്ങളിലും പ്രചരിപ്പിച്ചു ) ഡി ) കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഹലാല്‍ ഭക്ഷണ ക്യാമ്പയിന്‍
കഴിഞ്ഞ ആറുകൊല്ലമായി ചെയ്യുന്ന കൃത്യമായ പൊളിറ്റിക്കല്‍ എന്‍ജിനറിങ്ങ് ക്യാപൈന്‍ ഒരു പരിധി വരെ വിജയിച്ചു.
അതിന്റ ആദ്യ ടാര്‍ഗറ്റ് ക്രിസ്ത്യന്‍ – മുസ്ലിം ധൃവീകരണത്തിലൂടെ ക്രിസ്ത്യന്‍ വോട്ടുകളെ യൂ ഡി എഫ് ല്‍ നിന്ന് തിരിക്കുക എന്നതാണ്. അതിനുള്ള ക്യാമ്പയിന്‍ തുടങ്ങിയിട്ട് നാലു കൊല്ലം. ആദ്യമായി ലവ് ജിഹാദ് എന്ന ആശയത്തെ ബിഷപ്പുമാര്‍ മുഖനയും തിരെഞ്ഞെടുക്കപെട്ട അച്ചന്‍മാര്‍ വഴിയും കോമണ്‍സെന്‍സാക്കി.

അങ്ങനെ തന്നെ ചന്ദ്രികയില്‍ വന്ന ഹഗിയ സോഫി ലേഖനം പെട്ടെന്ന് ക്രിസ്ത്യാനികള്‍കിടയില്‍ പ്രചരിപ്പിച്ചു മുസ്ലിങ്ങള്‍ നാളെ ഇവിടെയും പള്ളി പിടിക്കും എന്ന ഫാള്‍സ് നാറേറ്റീവ് ഉണ്ടാക്കി.അതും തുടങ്ങിയത് ഫേക്ക് ഐഡി ഫേക്ട്ടറികള്‍ വഴിയാണ്
കേരളത്തില്‍ നടക്കുന്ന ഈ ബി ജെ പി പൊളിറ്റിക്കല്‍ എഞ്ചിനറിയിങ്ങനെ തല്ക്കാലം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് സി പി എം ശ്രമിക്കുന്നത്

യൂ ഡി എഫ് നേതാക്കള്‍ പാണക്കാട്ടു പോയപ്പോള്‍ വിജയരാഘവന്‍ വര്‍ഗീയത പറഞ്ഞത് ക്രിസ്ത്യന്‍ – ഹിന്ദു വോട്ടു ലക്ഷ്യമാക്കിയാണ്. അവര്‍ വെള്ളാപ്പള്ളിയെ കണ്ടപ്പോഴും എന്‍ എസ് എസ് ആസ്ഥാനത്തു പോയപ്പോഴും വിജയ രാഘവനോ സി പി എം മൊ അനങ്ങിയില്ല.
എന്നാല്‍ മെത്രാന്‍മാരെ കണ്ടപ്പോള്‍ പ്രതികരിപ്പിച്ചത് വെള്ളാപ്പള്ളിയെകൊണ്ട്.

സി പി എം കേരളത്തില്‍ ഇപ്പോള്‍ ചെയ്യുന്നത് ബി ജെ പി യുടെ ലോങ്ങ് ടെം ഇലക്ഷന്‍ സ്ട്രാറ്റജിയെ ലിവേറെജിങ്ങിലൂടെ തങ്ങള്‍ക്കനുകൂലമാക്കുക എന്ന ഷോട്ട് ടെം എന്‍ജിനിയറിങ്ങാണ്. അതിന്റ ഭാഗമായാണ് ജോസ് മാണിയെയും കൂട്ടരേയും കൂടെ കൂട്ടിയത്. അതു അവരുടെ വോട്ടു ഷെയര്‍ നോക്കിയല്ല. ഒപ്റ്റിക്‌സ് നോക്കിയാണ്. ക്രിസ്ത്യാനികള്‍ പ്രത്യകിച്ചു കാത്തോലിക്കരും ദീപിക പത്രവും തങ്ങള്‍ക്കൊപ്പമാണ് എന്ന ഒപ്റ്റിക്‌സ്.

പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടതു വിരുദ്ധ കത്തോലിക്ക/ക്രിസ്ത്യന്‍ വലതു പക്ഷ പ്രൊഫൈലുകള്‍ പിണറായി സ്തുതി പാടാന്‍ തുടങ്ങി.
ഫേക്ക് ഐഡി ഫാക്റ്ററികള്‍ ഉപയോഗിച്ചു അതു റിയല്‍ ഐഡികളിലേക്ക് സന്നിവേശിപ്പിച്ചു എന്നതാണ് ബി ജെ പി സ്ട്രാറ്റജിയുടെ വിജയം.
വെറും ആറു ശതമാനം വോട്ടില്‍ നിന്ന് 15% വോട്ടില്‍ എത്തിയപ്പോള്‍ ബി ജെ പി കേരളത്തില്‍ മറ്റു രണ്ടു കൂട്ടരുടെ റഫറന്‍സ് പോയിന്റ് ആയി. പരസ്പരം ബി ജെ പി ആണെന്ന് ആരോപിക്കുന്ന രാഷ്ട്രീയം.

ബി ജെ പി കേരളത്തില്‍ ഇപ്പോള്‍ കണ്‌സളിഡേറ്റ് ചെയ്യുന്നത് ഈഴവ -ക്രിസ്ത്യന്‍ വോട്ടുകളെയാണ്. സി പി എം ല്‍ നിന്നും ഈഴവ വോട്ടുകള്‍ അടര്‍ത്തി അതിനെ തകര്‍ക്കുക. കോണ്‍ഗ്രസില്‍ നിന്നും ക്രിസ്ത്യന്‍ വോട്ടുകളെ മാറ്റി അതിനെ തകര്‍ക്കുക എന്നതാണ് 2026 സ്ട്രാറ്റജി.
അതിന് എ ല്‍ ഡി എഫ് ഭരണത്തില്‍ വന്നാല്‍. പ്രതിപക്ഷ കളം പിടിച്ചു കേരള കൊണ്‌ഗ്രെസ്സിനെയും മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെയും ഈഴവരെയും സ്വതന്ത്രരേയും കൂടെ നിര്‍ത്തി 2026യില്‍ ഭരണത്തില്‍ വാരിക എന്നതാണ്. ആ ഒപ്ടിക്‌സിന്റ ഭാഗമാണ് പോസ്റ്റ് റിട്ടയര്‍മെന്റ് ഐ പി എസ്/ഐ എ എസ് കാരെ വിളിച്ചു ബി ജെ പി യില്‍ ചേര്‍ക്കുന്നത്.

എല്‍ ഡി എഫ് ഇന്റ ഭരണതുടര്‍ച്ച ബി ജെ പി യുടെ ആവശ്യമാണ്. കാരണം പത്തു കൊല്ലം തുടര്‍ച്ചയായി ഒരാളുടെ കീഴില്‍ ഭരണത്തിലായാല്‍ സി പി എം മും ജനങ്ങളും ക്ഷീണിച്ചു പുതിയ ആളുകള്‍ക്ക് വോട്ടു കൊടുക്കും എന്ന പ്രതീക്ഷയാണ്. അതു ത്രിപുരയില്‍ പരീക്ഷിച്ചു വിജയിച്ച ബി ജെ പി തന്ത്രമാണ്.

കോണ്‍ഗ്രസിന് വേണ്ടത് ലോങ്ങ് ടെം സ്ട്രാറ്റജിയാണ്. കേരളത്തിലെ പാര്‍ട്ടികളില്‍ അമ്പത് വയസ്സിന് താഴെയുള്ള ഏറ്റവും നല്ല യുവ നേതാക്കളുടെ നിര കോണ്‍ഗ്രസിലാണ്. അതു കൊണ്ട് തന്നെ ഇപ്പോള്‍ തിരെഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിന് പുറമെ എങ്ങനെ യഥാര്‍ത്ഥ കോണ്‍ഗ്രസ് സോഷ്യല്‍ ഡെമോക്രറ്റിക് ഐഡിയോളേജിയും ജനകീയ വിശ്വാസ്യതയും ഉപയോഗിച്ച് അടിതട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപെടുത്തുക എന്നതാണ്.

സത്യത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷ രാഷ്ട്രീയ ധാരയും ഇന്ത്യയിലും കേരളത്തിലും നിലനിന്നു ശക്തിപ്പെടേണ്ടത് ഇന്ത്യന്‍ ജനയത്തത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണ്.

2021 ലെ തിരെഞ്ഞെടുപ്പ് ഒരു പൊളിറ്റിക്കല്‍ ട്രാന്‍സിഷന്‍ തിരെഞ്ഞെടുപ്പാണ്. 1960-70 കളില്‍ വന്ന നേതാക്കള്‍ അഞ്ചു കൊല്ലത്തില്‍ കളം ഒഴിയും.

പുതിയ തലമുറ നേതാക്കളും പുതിയ പാര്‍ട്ടികളുമൊക്ക കളം നിറയും.

പക്ഷെ ഒരു കാര്യം. ബി ജെ പി ഏത്ര പൊളിറ്റിക്കല്‍ എന്ജനിയറിങ്ങ് കാണിച്ചാലും കേരളം യു പി യൊ ഗുജറാത്തോ അല്ല. അതു കൊണ്ട് തന്നെ അവരുടെ പ്ലാനുകള്‍ ലോങ്ങ് ടെമില്‍ ഓടില്ല.

കേരളത്തിലെ മത സൗഹര്‍ദ്ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മത സൗഹാര്‍ദ്ദമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. അതു നിലനിര്‍ത്താന്‍ കേരളത്തിന്റ ശോഭന ഭാവിയില്‍ വിശ്വാസമുള്ളവര്‍ ഒത്തൊരിമിച്ചാണ് പോകേണ്ടത്.
ഇതു വിഭാഗീയ രാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കാനുള്ള സമയമല്ല..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: J S Adoor explaining political engineering by BJP in Kerala like they done in other states