ജമ്മുവിലെ മുതിര്‍ന്ന അഭിഭാഷകനെ പൊതു സുരക്ഷാ നിയമപ്രകാരം ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്; നടപടി വാറണ്ട് പോലുമില്ലാതെയെന്ന് കുടുംബം
India
ജമ്മുവിലെ മുതിര്‍ന്ന അഭിഭാഷകനെ പൊതു സുരക്ഷാ നിയമപ്രകാരം ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്; നടപടി വാറണ്ട് പോലുമില്ലാതെയെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 4:27 pm

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ നസീര്‍ അഹമ്മദ് റോംഗയെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്‍ പൊലീസ്. അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് അദ്ദേഹത്തെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയെന്ന് കുടുംബം ആരോപിച്ചു.

പൊതു സുരക്ഷാ നിയമപ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ജമ്മു താഴ്‌വരയ്ക്ക് പുറത്തുള്ള ജയിലിലേക്കാണ് നസീര്‍ അഹമ്മദ് റോംഗയെ കൊണ്ടുപോയതെന്നും കുടുംബം പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും ഭരണകൂടത്തിന്റെ അടിച്ചര്‍ത്തലുകള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു നസീര്‍ അഹമ്മദ് റോംഗ. നേരത്തെ തന്നെ ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹമെന്ന് കുടുംബ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പൊലീസ് സംഘം വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നെന്ന് മകന്‍ ഉമൈര്‍ റോംഗ പറഞ്ഞു.

സംഘത്തിലുണ്ടായിരന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇത് ‘മുകളില്‍ നിന്നുള്ള ഉത്തരവാണ്’ എന്ന് കുടുംബത്തോട് പറഞ്ഞതായി റോംഗയുടെ മകനും അഭിഭാഷകനും കൂടിയായ ഉമൈര്‍ പറഞ്ഞു. നസീര്‍ അഹമ്മദ് റോംഗയെ പൊതു സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ജമ്മുവിലെ കോട്ട് ഭല്‍വാള്‍ ജയിലിലാണ് അദ്ദേഹത്തെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

‘ഞങ്ങള്‍ ഞെട്ടലിലാണ്, അതിലുപരി ദു:ഖത്തിലാണ്. അടുത്തിടെയായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു,’ ഉമൈര്‍ പറഞ്ഞു. എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തി അദ്ദേഹത്തെ പിടിച്ചുകൈാണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുവിലെ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനും കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നിലവിലെ പ്രസിഡന്റുമായ മിയാന്‍ ഖയൂമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തീവ്രവാദ ഗൂഢാലോചന ചുമത്തിയാണ് ഖയൂമിനെ ജയിലിലടച്ചത്. അഭിഭാഷകനായ ബാബര്‍ ഖാദ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജമ്മു കശ്മീര്‍ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2020 സെപ്തംബര്‍ 24 നാണ് ശ്രീനഗറിലെ വസതിയില്‍ എത്തിതയ അജ്ഞാതരായ തോക്കുധാരികള്‍ ഖാദ്രിയെ കൊലപ്പെടുത്തിയത്.

അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 1 ന് നടക്കാനിരിക്കുന്ന എച്ച്.സി.ബി.എ തെരഞ്ഞെടുപ്പ് ഭരണകൂടം വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റോംഗയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

‘കശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുക’ എന്ന് വാദിക്കുന്ന അഭിഭാഷകര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമാണ് അറസ്‌റ്റെന്നാണ് അഭിഭാഷകരുടെ സംഘടന വിഷയത്തില്‍ പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരെ ശബ്ദമുയര്‍ത്തിയ റോംഗയെ വിമര്‍ശിച്ചുകൊണ്ട് പല സമയങ്ങളിലും ഭരണകൂടം രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ ഇതിനായി നിരവധി പ്രതിഷേധ മാര്‍ച്ചുകള്‍ നയിക്കുകയും ശ്രീനഗര്‍ ജില്ലയില്‍ പൊതുസമാധാനത്തെ ലംഘിക്കുകയും ചെയ്തു എന്നായിരുന്നു’ ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് 2019 ല്‍ റോംഗയ്‌ക്കെതിരെ പറഞ്ഞത്.

2020 ജനുവരി 10 ന്, കശ്മീര്‍ താഴ്വരയില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റോംഗയ്ക്കും മറ്റ് 25 വ്യക്തികള്‍ക്കുമെതിരെ പൊതുനിയമ പ്രകാരം ചുമത്തിയ കുറ്റം പൊലീസ് പിന്‍വലിച്ചിരുന്നു.

Content Highlight: J&K: Senior Lawyer Picked up From Home ‘Without Arrest Warrant, Booked Under PSA,’ Says Family