Entertainment news
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി. ചന്ദ്രന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 29, 11:07 am
Saturday, 29th July 2023, 4:37 pm

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകനും തിരക്കഥാകൃത്തുമായ ടി.വി. ചന്ദ്രന്. മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം ടി.വി. ചന്ദ്രന് നല്‍കിയിരിക്കുന്നത്.

പി.എ. ബക്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. ബക്കറിന്റെ ഏറെ പ്രശംസ നേടിയ കബനി നദി ചുവന്നപ്പോള്‍ എന്ന രാഷ്ട്രീയ നാടകത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരുന്നു. കൃഷ്ണന്‍ കുട്ടി എന്ന ചിത്രത്തിലൂടെ 1981ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.

തുടര്‍ന്ന് ഹേമാവിന്‍ കാദലര്‍കള്‍ എന്ന തമിഴ് ചിത്രവും പുറത്തെത്തി. ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലീപ്പാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആലിസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെയാണ് ടി.വി. ചന്ദ്രന്‍ ശ്രദ്ധ നേടുന്നത്. 1993ല്‍ പുറത്തുവന്ന പൊന്തന്‍ മാടയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രം.

കഥാവശേഷന്‍ (2004), വിലാപങ്ങള്‍ക്കപ്പുറം (2008), ഭൂമിയുടെ അവകാശങ്ങള്‍ (2012) എന്നീ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. മങ്കമ്മ (1997), ഡാനി (2001), പാഠം ഒന്ന്: ഒരു വിലാപം (2003) തുടങ്ങിയവയാണ് ടി.വി. ചന്ദ്രന്റെ മറ്റ് ചിത്രങ്ങള്‍.

ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും പത്ത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ ചന്ദ്രന്‍ നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Content Highlight: J.C. Daniel award for director and screenwriter T.V. chandran