അത് ഫൗളായിരുന്നില്ല;റോണാള്‍ഡോയുടെ ചുവപ്പ് കാര്‍ഡിനെ വിമര്‍ശിച്ച് ഫുട്ബോള്‍ വിദഗ്ധര്‍
Football
അത് ഫൗളായിരുന്നില്ല;റോണാള്‍ഡോയുടെ ചുവപ്പ് കാര്‍ഡിനെ വിമര്‍ശിച്ച് ഫുട്ബോള്‍ വിദഗ്ധര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th September 2018, 10:38 am

യുവന്റസിനായുള്ള ചാംപ്യന്‍സ്ലീഗ് അരങ്ങേറ്റ മല്‍സരത്തില്‍ റോണോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുന്നത് കണ്ണീരോടെയാണ്  ഫുട്ബോള്‍ ലോകം വീക്ഷിച്ചത്. കളി കണ്ട ആരും ചുവപ്പ് കാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. മല്‍സര ശേഷം ഒന്നാം റഫറിയുടെ വിധിയെ ചോദ്യം ചെയ്തും അനുകൂലിച്ചും നിരവധി ഫുട്ബോള്‍ വിദഗ്ധരാണ് രംഗത്തെത്തിയിരിക്കുന്നത്.

റൊണാള്‍ഡോ ചുവപ്പ് കാര്‍ഡിനുള്ള ഫൗള്‍ ചെയ്തില്ലെന്ന് മല്‍സരശേഷം വലന്‍സിയ പരിശീലകന്‍ മാര്‍സെല്ലിനോ വ്യക്തമാക്കി. താരം തെറ്റായി ഒന്നും ചെയ്തില്ലെന്ന് തന്നോട് പറഞ്ഞതായും മാര്‍സെല്ലിനോ കൂട്ടിച്ചേര്‍ത്തു.

ചുവപ്പ് കാര്‍ഡ് നല്‍കിയ നടപടിയോട് രൂക്ഷമായാണ് പ്രീമിയര്‍ലീഗ് മുന്‍ റഫറി മാര്‍ക് ക്ലാറ്റന്‍ബര്‍ഗ് പ്രതികരിച്ചത്. റൊണാള്‍ഡോയുടെ ഭാഗത്ത് പ്രകോരനപരമായൊന്നുമുണ്ടായില്ലെന്നും ചുവപ്പ് കാര്‍ഡ് നല്‍കിയത് തെറ്റായെന്നും മാര്‍ക്ക് പ്രതികരിച്ചു.

Also Read ബൗണ്ടറി ലൈനില്‍ കിടിലന്‍ ക്യാച്ചുമായി പാണ്ഡേ; വീഡിയോ

വാര്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ റൊണാള്‍ഡോ പുറത്താകില്ലായിരുന്നെന്ന് യുവന്റസ് പരിശീലകന്‍ അല്ലെഗ്രി പ്രതികരിച്ചു.ചുവപ്പ് കാര്‍ഡിനെതിരെ ആദ്യം രംഗത്തെത്തിയത് സഹതാരം പിസാനിക്കാണ്.നടപടി ശുദ്ധ അസംബന്ധമെന്ന് താരം വ്യക്തമാക്കി. ജെയ്സണ്‍ മുറില്ലോയെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടിയിരുന്നില്ലയെന്ന് യുവന്റസ് പ്രതിരോധതാരം ബനൂച്ചി പ്രതികരിച്ചു.

എന്നാല്‍ റഫറിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച് മുന്‍ റഫറി എഡ്വേര്‍ഡ് ഗോണ്‍സാലസ് രംഗത്തെത്തി. റൊണാള്‍ഡോ മുടിയില്‍പിടിച്ച് വലിച്ചതിനാണ് റെഡ് കാര്‍ഡെന്ന് ഗോണ്‍സാലസ് വ്യക്തമാക്കി.