മലയാള സിനിമാരംഗത്ത് ഒരു പുതിയ ട്രെന്റ് രൂപപ്പെട്ടിരിക്കുന്നു. ബോളിവുഡിലും കോളിവുഡിലും ഐറ്റം നമ്പറുകള്‍ കണ്ട് കണ്ണടച്ചിരുന്ന മലയാളി ഈ ട്രെന്റിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇത്തരം ഡാന്‍സ് സീക്വന്‍സുകളുള്ള ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ ഹൗസ് ഫുള്‍ കളക്ഷന്‍ നേടുന്ന സ്ഥിതിയിലേക്ക് മലയാളി ഹൃദയവിശാലരായിരിക്കുന്നു.[]
നടന്‍ ദിലീപ് നിര്‍മ്മിച്ച് മലയാളത്തിലെ മുഴുവന്‍ സൂപ്പര്‍ സ്റ്റാറുകളും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു ട്വന്റി-20. മലയാള സിനിമാരംഗത്തേക്ക് പുതിയ കാലത്ത് ഐറ്റം നമ്പര്‍ എന്ന പേരില്ലാതെ ഇത്തരം ഒരു ഡാന്‍സ് രംഗം കടന്നുവന്നത് ട്വന്റി-20യിലൂടെയാണ്. അതിന് മുമ്പും ഇത്തരം ഡാന്‍സ് രംഗങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, പ്രേക്ഷകര്‍ അതിനെ മുഴുവനായി സ്വീകരിച്ചിരുന്നോ എന്നുള്ളത് ഒരു ചോദ്യമായി നില്‍ക്കുന്നു.
ആ ഡാന്‍സ് രംഗത്തിന് മാത്രമായി നയന്‍താരയുടെ കടന്നുവരവായിരുന്നു നാം ട്വന്റി-20യില്‍ കണ്ടത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരും നയന്‍സിനൊപ്പം ആടിത്തിമിര്‍ത്തു. ഹേയ് ദീവാനാ…..എന്ന ഗാനമായിരുന്നു അത്.
മോഹന്‍ലാല്‍ നായകനായ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ആരാണ് നീ…. എന്നു തുടങ്ങുന്ന ഗാനരംഗവും ഐറ്റം നമ്പറില്‍ പെടുന്നതാണ്. നടി റോമയാണ് ആ ഗാനരംഗത്തില്‍ അഭിനയിച്ചത്. ദിലീപ് സ്ത്രീ വേഷത്തില്‍ അഭിനയിച്ച മായാമോഹിനി എന്ന ചിത്രത്തില്‍ ലക്ഷ്മി റായും ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ട്.
അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ നടി രമ്യാ നമ്പീശന്‍ തന്നെ പാടി അഭിനയിച്ച ഒരു ഗാനരംഗമുണ്ട്. രമ്യക്ക് നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരേ സമയം നേടിക്കൊടുത്തു വിജന സുരഭിയില്‍… എന്നു തുടങ്ങുന്ന ആ ഗാനം. അതേ ചിത്രത്തില്‍ തന്നെ പത്മപ്രിയ അഭിനയിച്ച കപ്പാ, കപ്പാ…. എന്ന ഗാനരംഗവും ശ്രദ്ധേയമാണ്. അവസാനമായി മാറ്റിനിയില്‍ അയലത്തെ വീട്ടിലെ….. എന്ന ഗാനരംഗത്തില്‍ മൈഥിലി ഒരു പുതിയ തരംഗം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വെയ്ക്കുന്നത്.
മുമ്പും മലയാളത്തില്‍ ഐറ്റം ഡാന്‍സുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ മലയാളത്തിലെ മുന്‍നിര നായികമാരാരും അഭിനയിച്ചിരുന്നില്ല. അത്തരം ഗാനരംഗങ്ങളില്‍ അഭിനയിച്ചാല്‍ നടിയുടെ നല്ല നടപ്പിന് കളങ്കം പറ്റി എന്ന് മലയാളി പ്രേക്ഷകര്‍ ഒറ്റയടിയ്ക്കങ്ങ് വിലയിരുത്തിക്കളയും.
പ്രേക്ഷകര്‍ കല്‍പ്പിച്ചുകൊടുത്ത ആ വിലക്കിനെ മറികടക്കാന്‍ അന്നത്തെ നായികമാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അതിന് വ്യക്തമായ മാറ്റം വന്നിരിക്കുന്നു. ഒരു ഐറ്റം ഡാന്‍സ് ചെയ്തത് കൊണ്ട് തന്റെ സദാചാരത്തിന് ഒരു പോറലും സംഭവിക്കുന്നില്ലെന്ന് വിളിച്ച് പറയാന്‍ നമ്മുടെ നായികമാര്‍ തയ്യാറായിരിക്കുന്നു. ഇത് മലയാള സിനിമയുടെ, മലയാളിയുടെ സദാചാരബോധത്തിന്റെ ഒരു പുതിയ പ്രഖ്യാപനമാണ്.