മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിച്ചത് കോണ്‍ഗ്രസിന്റെ ഭ്രാന്ത്: ബി.ജെ.പി
national news
മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിച്ചത് കോണ്‍ഗ്രസിന്റെ ഭ്രാന്ത്: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th August 2023, 10:23 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍വീസസ് ബില്ലിനെ പിന്തുണക്കാന്‍ രാജ്യസഭയിലെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനെ വിമര്‍ശിച്ച് ബി.ജെ.പി. കോണ്‍ഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം എപ്പോഴും ഓര്‍മിക്കുമെന്നാണ് ബി.ജെ.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ കോണ്‍ഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം എപ്പോഴും ഓര്‍മിക്കും. സത്യസന്ധതയില്ലാത്ത തങ്ങളുടെ സഖ്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ആരോഗ്യ സ്ഥിതി മോശമായ മുന്‍ പ്രധാനമന്ത്രിയെ രാത്രി നേരം വൈകിയും വീല്‍ചെയറിലെത്തിച്ചത്. ഇത് നാണക്കേടാണ്,’ ബി.ജെ.പി പറഞ്ഞു.

അതേസമയം ബി.ജെ.പിക്ക് പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ജനാധിപത്യത്തോടുള്ള സമര്‍പ്പമാണ് അദ്ദേഹം തെളിയിച്ചതെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ സുപ്രീയ ശ്രീനാഥ് പറഞ്ഞു.

‘ഡോക്ടര്‍ സാഹേബിന് ജനാധിപത്യത്തോടുള്ള ഈ സമര്‍പ്പണം ഈ രാജ്യത്തിന്റെ ഭരണഘടനയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ തെളിവാണ്. ബി.ജെ.പി അവരുടെ മുതിര്‍ന്ന നേതാക്കളെ മാനസികമായി കോമയിലേക്ക് തള്ളിവിടുന്നു. എന്നാല്‍ ഞങ്ങളുടെ നേതാക്കള്‍ നമുക്ക് പ്രചോദനവും ധൈര്യവുമായി മാറുന്നു,’ അവര്‍ പറഞ്ഞു.

അതേസമയം ബില്ലിനെ പിന്തുണക്കാന്‍ രാജ്യസഭയിലെത്തിച്ചേര്‍ന്ന മന്‍മോഹന്‍ സിങ്ങിന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നന്ദി പറഞ്ഞു.

‘ദല്‍ഹിയിലെ ജനങ്ങള്‍ക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന കറുത്ത നിയമത്തെ പാര്‍ലമെന്റിനകത്തും പുറത്തും നിരവധി പാര്‍ട്ടികളും നേതാക്കളും എതിര്‍ത്തു. ബില്ലിനെ എതിര്‍ത്ത എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഹൃദയത്തില്‍ നിന്നും ഞാന്‍ നന്ദി പറയുന്നു.

ആരോഗ്യസ്ഥിതി മോശമായിട്ടും പാര്‍ലമെന്റിലെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടും ജെ.എം.എം. പ്രസിഡന്റ് ഷിബു സോറനോടും എല്ലാ ദല്‍ഹിക്കാരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തോടും ഭരണഘടനയോടും മന്‍മോഹന്‍ സിങ്ങിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ആം ആദ്മി എം.പി രാഖവ് ഛദ്ദയും ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണയ്ക്കും ഛദ്ദ നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ദല്‍ഹി ഓര്‍ഡിനന്‍സിന് പകരമായുള്ള ദല്‍ഹി ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ 2023 ബില്ലാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചര്‍ച്ച ചെയ്തത്. ആ സമയത്താണ് മന്‍മോഹന്‍ സിങ്ങ് വീല്‍ചെയറില്‍ രാജ്യസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

വീല്‍ച്ചെയര്‍ കൊണ്ടുവരാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന് നേരത്തെ പിന്‍നിരയിലിലേക്ക് സീറ്റ് അനുവദിച്ചിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് ഇടവേളക്ക് ശേഷമായിരുന്നു സഭയിലെത്തിയത്.

അതേസമയം ദല്‍ഹി സര്‍വീവസസ് ബില്‍ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷത്തിന്റെ വലിയ വിമര്‍ശനം ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്ന് വന്നിരുന്നു.

content highlights: It was the madness of Congress that brought Manmohan Singh to the Rajya Sabha; BJP with reference