കത്രികയെടുത്തിട്ട് ഒരു വര്‍ഷമാകുന്നു; മന്ത്രിമാരെ കാണിക്കാനാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്: ഹര്‍ഷിന
Kerala News
കത്രികയെടുത്തിട്ട് ഒരു വര്‍ഷമാകുന്നു; മന്ത്രിമാരെ കാണിക്കാനാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്: ഹര്‍ഷിന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 10:31 am

തിരുവനന്തപുരം: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് ഏകദിന സത്യാഗ്രഹവുമായി ഹര്‍ഷിന. സമരം തുടങ്ങി 86 ദിവസമായിട്ടും നീതി ലഭിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഹര്‍ഷിന റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. മന്ത്രിമാര്‍ തന്നെ കാണാത്തത് കൊണ്ടാണോ നീതി വൈകുന്നതെന്ന് അറിയില്ലെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നാല്‍ അവര്‍ കാണുമായിരിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.

’86 ദിവസമായി തെരുവിലാണ്. എന്റെ വയറ്റില്‍ നിന്ന് കത്രികയെടുത്തിട്ട് സെപ്റ്റംബര്‍ 17 ആയാല്‍ ഒരു വര്‍ഷമാകും. സെക്രട്ടറിയേറ്റിലെ ആളുകള്‍ ഞങ്ങളെ കാണാനിട്ടാണോ ഇത്രയായിട്ടും നീതി ലഭിക്കാത്തത്? അങ്ങനെയാണെങ്കില്‍ സമരം ചെയ്യുന്നത് അവര്‍ കാണട്ടെയെന്ന് ഉദ്ദേശിച്ചാണ് ഇങ്ങോട്ട് വന്നിട്ടുള്ളത്.

സത്യസന്ധമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നിസാരമായി ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയതാണ്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ കൊടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കമ്മീഷണര്‍ക്കും ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

നമ്മുടെ പ്രതിഷേധം മന്ത്രിമാര്‍ കാണാഞ്ഞിട്ടാണെങ്കില്‍ അവരെ കാണിക്കാന്‍ വേണ്ടിയാണ് ഈ സത്യാഗ്രഹം. കാരണം ചെറിയ കുട്ടികളുള്ളത് കൊണ്ട് കുറെ ദിവസം ഇവിടെ നില്‍ക്കുക പ്രായോഗികമല്ല. അതുകൊണ്ട് ഒരു ദിവസത്തെ സത്യാഗ്രഹം എന്ന രീതിയിലാണ് ഇവിടെ വന്നത്,’ ഹര്‍ഷിന പറഞ്ഞു.

മുഖ്യമന്ത്രിയെ കാണണം എന്ന് വിചാരിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കണമെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത് കൊണ്ടാണ് ഇതുവരെ അതിന് ശ്രമിക്കാതിരുന്നതെന്നും ഇത്രയായിട്ടും യാതൊരു അനക്കവുമില്ലാതിരിക്കുമ്പോള്‍ മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാന്‍ ശ്രമിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.

ഹര്‍ഷിനയുടെ വയറ്റിലുളള കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ആ സമയത്തുണ്ടായിരുന്ന രേഖകളും ശസ്ത്രക്രിയ രേഖകളും പരിശോധിച്ച ശേഷമാണ് കൃത്യമായ റിപ്പോര്‍ട്ട് ഡി.എം.ഒക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. പിന്നാലെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനിരിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്.

2017 നവംബര്‍ 30ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.

മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു വയറ്റില്‍ കത്രികയുണ്ടായിരുന്നത്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തിയത്.

content highlights: It’s been a year since I took the scissors; Protest in front of secretariat to show ministers: Harshina