കോഴിക്കോട്: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തള്ളി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നാണ് കെ.എം. ഷാജി പറഞ്ഞത്. പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെ.എം. ഷാജി പറഞ്ഞു. മുനമ്പം വിഷയത്തിലെ പ്രതികള്‍ മുനമ്പത്തെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ലെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ഫാറൂഖ് കോളേജിന് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു. മുനമ്പം ഭൂമി വഖഫ് ചെയ്തതിന് രേഖകളുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു. മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് ആരാണ് ഭൂമി വിറ്റതെന്ന് സര്‍ക്കാര്‍ കണ്ടെത്തണമെന്നും കെ.എം. ഷാജി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയക്കളി കളിക്കുകയാണെന്നും കെ.എം. ഷാജി വിമര്‍ശിച്ചു.
‘പ്രതികളെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? അവരെ പിടക്കേണ്ടത് സി.പി.ഐ.എമ്മാണോ കോണ്‍ഗ്രസാണോ? അല്ലല്ലോ. അതിനല്ലേ ഇവിടെ ഭരണകൂടമുള്ളത്?. ഈ സ്ഥലം മറ്റുള്ളവര്‍ക്ക് വില്‍ക്കുന്ന കള്ളക്കളിയില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്? സീതി സാഹിബ് ഫാറൂഖ് കോളേജിന് ജന്മം കൊടുക്കുമ്പോള്‍ ഈ മുനമ്പത്തെ ഭൂമി മാത്രമല്ല, വിട്ടുകൊടുത്തത്. മലബാറിലെ ഫാറൂഖ് കോളേജിന്റെ ബാക്കി ഭൂമികളെവിടെ?,’എന്നും അദ്ദേഹം ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ അവകാശവാദം. ദിവസങ്ങള്‍ക്ക് മുമ്പ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുനമ്പം സമര വേദിയിലെത്തിയിരുന്നു.
തുടര്‍ന്ന്, വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്ന ഭൂമിയാണ് മുനമ്പത്തേത്. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫായി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ ഭൂമി വഖഫല്ല എന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
വഖഫായി നല്‍കുന്ന ഭൂമിയ്ക്ക് മേല്‍ നിബന്ധനകള്‍ വെക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഫാറൂഖ് കോളേജും സ്ഥാപനത്തിന് ഭൂമി നല്‍കിയ വ്യക്തിയും തമ്മിലുള്ള കരാറില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന് പറയുന്നുണ്ട്.
വഖഫായി പ്രഖ്യാപിക്കുന്ന ഭൂമി എപ്പോഴും വഖഫാണെന്നും അതിന്റെ മീതെ നിബന്ധനകള്‍ വെക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ അബ്ദുല്‍ അസീസ് രംഗത്തെത്തിയത്.
Content Highlight: ‘It cannot be said that the munambam is not waqf land’; KM Shaji rejected V.D. Satheesan