national news
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 17 മാസത്തെ ശമ്പളം നല്‍കിയില്ല; പ്രധാനമന്ത്രി ഇതും ശ്രദ്ധിക്കണം: ദിഗ്‌വിജയ് സിങ്
ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 17 മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ലൂണാര്‍ പ്രതലത്തില്‍ ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ് ദിവസമാണ് ദിഗ് വിജയ് സിങ്ങിന്റെ ആരോപണം. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ ശമ്പള വിതരത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
‘ചന്ദ്രയാന്‍ ലാന്‍ഡിങ്ങിനുള്ള ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രയത്‌നത്തില്‍ നമുക്ക് അഭിമാനമുണ്ട്. അതിന്റെ വിജയത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് 17 മാസമായി ശമ്പളം നല്‍കിയില്ലെന്ന ചില വാര്‍ത്തകള്‍ കണ്ടു. പ്രധാനമന്ത്രി ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്,’ദിഗ്‌വിജയ് സിങ് പറഞ്ഞു.
അതേസമയം ഇന്ത്യ അഭിമാനിക്കേണ്ട ദിവസം തന്നെ ദിഗ് വിജയ് സിങ് വ്യാജ വാര്‍ത്ത നല്‍കുന്നുവെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി ഐ.ടി. സെല്‍ മേധാവിയുമായ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
‘ഇന്ത്യക്ക് അഭിമാനിക്കാന്‍ വേണ്ടി ഐ.എസ്.ആര്‍.ഒ ഒരുക്കിയ ദിവസത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനാണ് മ്ലേച്ഛനായ ദ്വിഗ്‌വിജയ് സിങ് ആഹ്വാനം ചെയ്യുന്നത്.
കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ വെറുക്കുന്നു. എന്നാല്‍ പുനരുജ്ജീവിക്കുന്ന ഇന്ത്യയെയും കൂടുതലായി വെറുക്കുന്നുണ്ട്. കാരണം, ആത്മവിശ്വാസമുള്ള ഇന്ത്യ ഒരിക്കലും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യില്ല. ഇന്ത്യ ചന്ദ്രയാന്‍ 3 ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് വിതുമ്പുകയാണ്,’ അദ്ദേഹം പറഞ്ഞു.
സംരംഭകനും രാഷ്ട്രീയ നിരീക്ഷകനുമായ തെഹ്‌സീന്‍ പൂണ്‍വാലയും നേരത്തെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ദി രണ്‍വീര്‍ ഷോ പോഡ്കാസ്റ്റ് എന്ന പരിപാരിടിയിലൂടെ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘കഴിഞ്ഞ മൂന്ന് മാസത്തോളമായി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇത് നല്ലതാണോ? അതാണ് എനിക്ക് ഈ സര്‍ക്കാരുമായുള്ള പ്രശ്‌നം. നമ്മള്‍ ഐ.എസ്.ആര്‍.ഒയെ കുറിച്ച് വളരെ അഭിമാനിക്കുന്നു. എന്നാല്‍ അവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കുന്നില്ല. ഇക്കാര്യം വസ്തുതാപരമാണോ എന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം.
ഇന്ന് വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത്. നാലുവര്‍ഷത്തിനിടെയുള്ള ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാന്‍ഡര്‍ മൊഡ്യൂള്‍ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും.
വിക്രം എന്ന പേരുള്ള ലാന്‍ഡറും പ്രഗ്യാന്‍ എന്ന പേരുള്ള റോവറുമടങ്ങുന്നതാണ് ലാന്‍ഡര്‍ മൊഡ്യൂള്‍.
സോഫ്റ്റ് ലാന്‍ഡിങ് വിജയിച്ചാല്‍ പര്യവേക്ഷണത്തിനായി ലാന്‍ഡറിന്റെ വാതിലുകള്‍ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവര്‍ പുറത്തിറങ്ങും.
ചന്ദ്രയാന്‍ 3 ലക്ഷ്യം കണ്ടാല്‍ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നിവക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
content highlights: ISRO scientists not paid for 17 months; Digvijay Singh wants PM to intervene