ലെബനനിലെ ഇസ്രഈല്‍ ആക്രമണം; മരണസംഖ്യ 558
World News
ലെബനനിലെ ഇസ്രഈല്‍ ആക്രമണം; മരണസംഖ്യ 558
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 10:03 pm

ബെയ്‌റൂട്ട്: ലെബനിലെ ഇസ്രഈല്‍ നടത്തുന്ന വ്യാപകമായ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 50 കുട്ടികള്‍ ഉള്‍പ്പെടെ 558 പേര്‍ കൊല്ലപ്പെടുകയും 1833 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തരമായി ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രഈല്‍ അത് അംഗീകരിച്ചിട്ടില്ല. ഇസ്രഈലിന്റെ വ്യോമതാവളങ്ങള്‍ക്ക് നേരെ ഹിസ്ബുള്ള മിസൈല്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ലെബനിലെ 1300 കേന്ദ്രങ്ങളില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈല്‍ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചിരുന്നു. ലെബനന്‍ മറ്റൊരു ഗസയാകുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു.

നിലവില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ലബായയിലും യഹ്‌മോറിലും വീടുകളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രഈലിന്റെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ രണ്ട് ദിവസം അടച്ചിടുമെന്ന് ലെബനന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഐ.ഡി.എഫ് ആക്രമണം ആരംഭിച്ചതുമുതലാണ് ലെബനനും ഇസ്രഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതസംഘത്തോടപ്പം ലെബനനിലെ ഹിസ്ബുള്ളയും ഇസ്രഈലിനെ ചെങ്കടലില്‍ ഉള്‍പ്പെടെ പ്രതിരോധിച്ചിരുന്നു. ഈ പ്രതിരോധം ഇസ്രഈലിനെ കൂടുതല്‍ ചൊടിപ്പിക്കുകയായിരുന്നു.

അതേസമയം ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 24 മണിക്കൂറിനിടെ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രഈല്‍ ആക്രമണത്തില്‍ 41,467 പേര്‍ കൊല്ലപ്പെട്ടതായും 95,921 ആളുകള്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

Content Highlight: ISREALI ATTACK ON LEBANON; THE DEATH TOLL IS 558