'ഫലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി'; ഇസ്രഈലി സൈനികന്റെ വീഡിയോ
World News
'ഫലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി'; ഇസ്രഈലി സൈനികന്റെ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 2:25 pm

ഗസ: 65 ടൺ ഭാരമുള്ള ടാങ്ക് ഫലസ്തീൻ യുവാവിന്റെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കിയെന്ന് ‘അവകാശവാദം’ ഉന്നയിച്ച് വീഡിയോ പോസ്റ്റ്‌ ചെയ്ത് ഇസ്രഈലി സൈനികൻ.

ഡാനിയേൽ ലൂരി എന്ന 22കാരനായ ഇസ്രഈൽ റിസർവിസ്റ്റാണ് ഫലസ്തീനിയുടെ മൃതദേഹത്തിന്റെ വീഡിയോ എക്‌സിൽ പോസ്റ്റ്‌ ചെയ്തത്.

‘ഒരു സെക്കന്റിന് ശേഷം ഞാൻ ആകസ്മികമായി 65 ടൺ ഭാരവും 1500 ഹോഴ്സ് പവറുമുള്ള മെർകാവ മാർക് 4 ടാങ്ക് അയാളുടെ ശരീരത്തിൽ കയറ്റിയിറക്കി,’ വീഡിയോക്കൊപ്പം ലൂറി എഴുതി.

തുടർന്ന് ലൂറിയുടെ എക്സ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു എക്സ് ഉപയോക്താവ് ലൂറിയുടെ പോസ്റ്റുകളെല്ലാം പങ്കുവെച്ചിട്ടുണ്ട്.

എപ്പോൾ, എവിടെ വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

മറ്റൊരു പോസ്റ്റിൽ ഫലസ്തീൻ പതാകക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് ഇസ്രഈലി പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളെ സൂചിപ്പിച്ച് നമ്മൾ 30,000 സമാധാന യോഗങ്ങൾ വിജയിച്ചു, എന്തൊരു രസമെന്നും ഇയാൾ കുറിച്ചിരുന്നു.

വാഹനങ്ങൾ കയറ്റിയിറക്കി ഇസ്രഈലി സൈനികർ നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Israeli soldier ‘boasted about running over dead Palestinian man with tank’