World News
എം.പി സഖ്യം വിട്ടു; ഇസ്രഈലില്‍ നഫ്താലി ബെന്നറ്റ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 06, 11:00 am
Wednesday, 6th April 2022, 4:30 pm

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി.

ബെന്നറ്റിന്റെ പാര്‍ട്ടിയായ യമിന (Yamina)യില്‍ നിന്നുള്ള എം.പി ഇദിത് സില്‍മാന്‍ സഖ്യം വിടുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു സഖ്യസര്‍ക്കാര്‍ വിടുന്ന കാര്യം ഇദിത് സില്‍മാന്‍ പുറത്തുവിട്ടത്.

”ഞാന്‍ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ ശ്രമിച്ചു. ഈ സഖ്യ സര്‍ക്കാരിന് വേണ്ടി ഞാന്‍ ഒരുപാട് വര്‍ക്ക് ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഇസ്രഈലിന്റെ ജൂത ഐഡന്റിറ്റിക്ക് മോശം വരുത്തുന്നതിന്റെ ഭാഗമാകാന്‍ എനിക്കാവില്ല.

ഞാന്‍ ഈ സഖ്യ സര്‍ക്കാരിലെ എന്റെ അംഗത്വം അവസാനിപ്പിക്കുന്നു. എനിക്കറിയാം ഇങ്ങനെ തോന്നുന്ന ഒരേ ഒരാളല്ല ഞാനെന്ന്,” ഇദിത് സില്‍മാന്‍ പറഞ്ഞു.

ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്.

സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍. സില്‍മാന്‍ പാര്‍ട്ടി വിട്ടതില്‍ നഫ്താലി ബെന്നറ്റിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്‌ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഭരിക്കുന്നത്.

Content Highlight: Israeli Prime Minister Naftali Bennett’s coalition loses majority after MP quits