ഹമാസുമായുള്ള താത്കാലിക കരാറുകള്‍ നെതന്യാഹു ശക്തമാക്കുന്നതായി ഇസ്രഈലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
World News
ഹമാസുമായുള്ള താത്കാലിക കരാറുകള്‍ നെതന്യാഹു ശക്തമാക്കുന്നതായി ഇസ്രഈലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th February 2024, 9:13 am

ടെല്‍ അവീവ്: ഹമാസുമായി താത്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചാല്‍ ഗസയുടെ അതിര്‍ത്തി നഗരമായ റഫയിലെ സൈനിക നടപടി വൈകുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

എന്നാല്‍ ഒരാഴ്ചക്കകം റഫയിലെ ആക്രമണം പുനരാരംഭിക്കുമെന്നും ഇസ്രഈലി സൈന്യം പൂര്‍ണ വിജയം കൈവരിക്കുമെന്നും നെതന്യാഹു പറഞ്ഞതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ റഫ ഓപ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ആക്രമണത്തിന്റെ തീവ്രമായ ഘട്ടം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരില്ല, ഒരാഴ്ച്ച ധാരാളം. ഒരു കരാറില്‍ ഏര്‍പ്പെടാത്ത പക്ഷം അത് വേഗത്തില്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയും. ശേഷിക്കുന്ന ആറ് ഹമാസ് ബറ്റാലിയനുകളില്‍ നാലെണ്ണം റഫയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്,’ നെതന്യാഹു സി.ബി.എസി.നോട് പറഞ്ഞു.

അതേസമയം ഗസയുമായി ബന്ധപ്പെട്ട് വ്യക്തമായ സന്ധിചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രഈലും ഖത്തറും ചര്‍ച്ചകള്‍ ആരംഭിച്ചതായി ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അല്‍ ഖഹെറ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ മറ്റു പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഈ ആഴ്ച തന്നെ മന്ത്രിസഭ വിളിക്കുമെന്ന് നെതന്യാഹു അറിയിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റഫയുടെ പ്രവര്‍ത്തന പദ്ധതിയും യുദ്ധമേഖലകളില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയും ഇസ്രഈലി സൈന്യം യുദ്ധ കാബിനറ്റില്‍ അവതരിപ്പിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. കൂടാതെ ഗസയിലേക്കുള്ള മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് യുദ്ധ കാബിനറ്റ് അംഗീകാരം നല്‍കിയതായും ഓഫീസ് അറിയിച്ചു.

എന്നാല്‍ റഫാ പദ്ധതിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രഈല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്‍.ബി.സിയോട് ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ ആക്രമണത്താല്‍ ഉണ്ടാകാനിടയുള്ള മാനുഷിക ദുരന്തത്തെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗസയിലെ സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഇസ്രഈല്‍ ഒഴിവാക്കണമെന്ന് യു.എസ് അടക്കമുള്ള ഇസ്രാഈലിന്റെ സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 29,692 ആയി വര്‍ധിച്ചുവെന്നും 69,879 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israeli media report that Netanyahu is strengthening temporary agreements with Hamas