ഹമാസ് മിലിട്ടറി വിഭാഗം തലവന്‍ ഗസയില്‍ വെച്ച് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രഈൽ സൈന്യം
World News
ഹമാസ് മിലിട്ടറി വിഭാഗം തലവന്‍ ഗസയില്‍ വെച്ച് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രഈൽ സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 6:45 pm

ജെറുസലേം: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ കഴിഞ്ഞമാസം നടന്ന ഏറ്റുമുട്ടലില്‍ ഹമാസ് മിലിട്ടറി വിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രഈൽ സൈന്യം. ഹമാസിന്റെ പൊളിറ്റിക്കല്‍ വിഭാഗം തലവന്‍ ഇസ്മായില്‍ ഹനിയെ കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സൈന്യത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

2024 ജൂലൈ 13ന് ഐ.ഡി.എഫ്(ഇസ്രഈൽ ഡിഫന്‍സ് ഫോഴ്‌സസ്) ഗസയിലെ ഖാന്‍ യൂനിസ് മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അക്രമണം നടത്തിയിരുന്നു. ഈ അക്രമണത്തില്‍ മുഹമ്മദ് ദെയഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജെന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍,സൈന്യം പറഞ്ഞു.

300 ദിവസമായി തുടരുന്ന ഇസ്രഈൽ-ഗസ സംഘര്‍ഷത്തില്‍ കാരണമായ ഒക്ടോബര്‍ 7ലെ ഹമാസ് അക്രമണത്തിന്റെ സൂത്രധാരിലൊരാലാണ് കൊല്ലപ്പെട്ട ദെയഫ്. ടെഹ്‌റാനില്‍ ഹനിയെയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയെയാണ് സൈന്യത്തിന്റെ പ്രഖ്യാപനം വന്നത്.

ഹമാസിന്റെ സുപ്രധാന നേതാക്കളിലൊരാളായ ദെയ്ഫ്,കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ടണല്‍ ശൃംഖല,ബോംബ് നിര്‍മ്മാണം എന്നീ മേഖലകളില്‍ വിദഗ്ധനായിരുന്നു.

2015 ല്‍ യു.എസ് പുറത്തുവിട്ട അന്താരാഷ്ട്ര ഭീകരപ്പട്ടികയിലും ദെയ്ഫ് ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഹമാസിന്റെ തലവനായ യഹ്യ സിന്‍വേറോടൊപ്പം ചേര്‍ന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹമാസ് നടത്തുന്ന അക്രമണങ്ങളില്‍ ദെയ്ഫും പങ്കാളിയായിരുന്നെന്ന് ഇസ്രഈൽ സൈന്യം പറഞ്ഞു.

Content Highlight: Israeli army announces Hamas military chief Mohammed Deif killed in Gaza in July