'അമേരിക്കന്‍ അന്വേഷണം തെറ്റ്'; ഷിറീന്‍ അബു അഖ്‌ലേയുടെ മരണത്തിന്മേലുള്ള അന്വേഷണത്തില്‍ യു.എസുമായി സഹകരിക്കില്ലെന്ന് ഇസ്രഈല്‍
World News
'അമേരിക്കന്‍ അന്വേഷണം തെറ്റ്'; ഷിറീന്‍ അബു അഖ്‌ലേയുടെ മരണത്തിന്മേലുള്ള അന്വേഷണത്തില്‍ യു.എസുമായി സഹകരിക്കില്ലെന്ന് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th November 2022, 3:02 pm

വാഷിങ്ടണ്‍: ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലേ (Shireen Abu Akleh) കൊല്ലപ്പെട്ടതില്‍ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി സ്ഥിരീകരിച്ച് ഇസ്രഈല്‍. എന്നാല്‍ യു.എസിന്റെ അന്വേഷണവുമായി ഇസ്രഈല്‍ സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ഉന്നത ഇസ്രഈലി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

യു.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ ‘തെറ്റ്’ എന്നാണ് ഇസ്രഈലി ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

അബു അഖ്‌ലേയുടെ മരണത്തില്‍ ഇസ്രഈല്‍ സര്‍ക്കാരിലെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും ഇസ്രഈലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് (Benny Gantz) പുറത്തുവിട്ടു.

”ഞങ്ങള്‍ ഇസ്രഈലി സൈനികര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് ഒരു സന്ദേശമയച്ചിരുന്നു. ഷിറീന്‍ അബു അഖ്‌ലേയുടെ മരണത്തില്‍ പുറത്തുനിന്നുള്ള ഒരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തരമായി ഞങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ മറ്റുള്ളവര്‍ ഇടപെടാനും ഞങ്ങള്‍ അനുവദിക്കില്ല,” ഗാന്റ്‌സ് ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ മെയ് 11നായിരുന്നു ഷിറീന്‍ അബു അഖ്‌ലേ കൊല്ലപ്പെട്ടത്.

വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ സൈനിക നടപടി കവര്‍ ചെയ്യുന്നതിനിടെ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന അബു അഖ്‌ലേക്ക് വെടിയേല്‍ക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ജെനിനില്‍ നടന്ന ഇസ്രഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യം ഷിറീനെ വെടി വെക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.

Content Highlight: Israel says they won’t cooperate with the US probe into Shireen Abu Akleh’s death