ജെറുസലേം: ഗസ-ഈജിപ്ത് അതിര്‍ത്തി നഗരമായ ഫിലാഡല്‍ഫിയുടെ 70 ശതമാനവും ഇസ്രഈല്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗസയില്‍ വിന്യസിപ്പിച്ചിട്ടുള്ള ബ്രിഗേഡുകളുടെ എണ്ണം ഇസ്രഈല്‍ വര്‍ധിപ്പിച്ചതായും ഈജിപ്ത് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലാഡല്‍ഫിയിലെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇസ്രഈലും ഈജിപ്തും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് മറ്റു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ പ്രദേശങ്ങള്‍ പിടിച്ചെടുത്തതിന് പിന്നില്‍ ഗസയുടെ അതിര്‍ത്തി നഗരമായ റഫയെ തകര്‍ക്കുക എന്ന ഇസ്രഈലിന്റെ ലക്ഷ്യമാണെന്ന് ഈജിപ്ത് വൃത്തങ്ങള്‍ പറഞ്ഞു.
റഫ മുഴുവനായും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഫിലാഡല്‍ഫിയില്‍ ഇസ്രഈല്‍ സൈനിക നടപടി തുടരുന്നതെന്നണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫിലാഡെല്‍ഫിയുടെ നിയന്ത്രണം കൈക്കലാക്കണമെന്നും ഇസ്രഈലി സൈനികരുടെ സുരക്ഷാ ഉറപ്പാക്കാന്‍ ഈ അതിര്‍ത്തി അടച്ചുപൂട്ടണമെന്നും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.