ഗസ: കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തുന്നതിന് മുന്നോടിയായി ഇസ്രഈലി സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
ഇന്തോനേഷ്യന്‍ മെഡിക്കല്‍ ടീമിന് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ പ്രാദേശിക പ്രതിനിധി പറഞ്ഞു.
ആശുപത്രിക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണം ആശങ്ക ഉയര്‍ത്തുന്നതാണെന്നും സംഘടന പ്രതികരിച്ചു. കുറഞ്ഞ സൗകര്യങ്ങളോട് കൂടിയാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഘടന അറിയിച്ചു.
ഇതിനിടെ വ്യാഴാഴ്ചയാണ് ആശുപത്രിക്ക് നേരെ സൈന്യം ആക്രമണം നടത്തിയത്. ആശുപത്രിയിലേക്ക് അതിക്രമിച്ചെത്തിയ സൈനികര്‍ ഇന്തോനേഷ്യന്‍ മെഡിക്കല്‍ ടീമിനോട് നാടുകടക്കണമെന്ന് ആവശ്യപ്പെട്ടതായി ആശുപത്രി ഡയറക്ടര്‍ ഹുസാം അബു സഫിയ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ 12,000ത്തിലധികം രോഗികളുണ്ട്. ഇവരെ സമ്പൂര്‍ണ പരിചരണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റാന്‍ പത്ത് വര്‍ഷം വരെ എടുത്തേക്കാമെന്നും ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഡബ്ല്യു.എച്ച്.ഒ ഇടപെട്ട് ഇതുവരെ 266 രോഗികളെ യു.എ.ഇയിലേക്കും 22 പേരെ യു.എസിലേക്കും 20 പേരെ ജോര്‍ദാനിലേക്കും 15 പേരെ റൊമാനിയയിലേക്കും അഞ്ച് പേരെ ബെല്‍ജിയത്തിലേക്കും മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം വ്യാഴാഴ്ച ഗസയിലുണ്ടായ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
ഗസയില്‍ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആശുപത്രികളിലൊന്നാണ് കമാല്‍ അദ്‌വാന്‍ ആശുപത്രി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണത്തില്‍ ആശുപത്രി ഐ.സി.യു ഡയറക്ടര്‍ അഹ്‌മദ് അല്‍ കഹ്‌ലൂത്ത് കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടക്കുന്നതിന് ഒരാഴ്ച്ചയ്ക്ക് മുമ്പ് ആശുപത്രിയുടെ എന്‍ട്രന്‍സിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഹ്‌മദ് അല്‍ കഹ്‌ലൂത്തിന് പരിക്കേറ്റിരുന്നു.
Content Highlight: Israel gave no warning before attack on Kamal Adwan hospital: WHO