ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഓണ്‍ലൈനിലൂടെയാണെന്ന് മുന്നറിയിപ്പ് നല്‍കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഓണ്‍ലൈനിലൂടെ യുവാക്കളെയാണ് ഐ.എസ് ലക്ഷ്യം വെക്കുന്നത് എന്നാണ് എന്‍.ഐ.എ നല്‍കുന്ന മുന്നറിയിപ്പ്.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് ആശയങ്ങള്‍ ഐ.സ് പ്രചരിപ്പിക്കുന്നത് എന്നും ഐ.എസിന്റെ ആശയങ്ങളോട് താത്പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട 37 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുവെന്ന് എന്‍.ഐ.എ അറിയിച്ചു. ഈ വര്‍ഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന വ്യക്തിയുടെ വിശ്വാസ്യതയ്ക്കനുസരിച്ച് ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യാനും തീവ്രവാദ സംഘത്തിന്റെ ആശയങ്ങളും എഴുത്തുകളും പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനും ഐ.ഇ.ഡി പോലുള്ള സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കാനും തീവ്രവാദ ഫണ്ടിഗിനും ആക്രമണങ്ങള്‍ക്കും ഐ.സ് ഉപയോഗിക്കുന്നു എന്നാണ് എന്‍.ഐ.എ പറയുന്നത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുകയും അമേരിക്കയും സഖ്യ സേനയും രാജ്യത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തതോടെ സമീപ ഭാവിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നുള്ള ഭയം നിരന്തരം നിലനില്‍ക്കുന്നതായും എന്‍.ഐ.എ പറയുന്നു.