എന്തും സംഭവിക്കാം; പോരിനുറച്ച് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും
ISL
എന്തും സംഭവിക്കാം; പോരിനുറച്ച് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd March 2022, 11:02 am

ഐ.എസ്.എല്ലില്‍ സെമി ലക്ഷ്യമിട്ടിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനും മുംബൈ സിറ്റി എഫ്.സിക്കും ബുധനാഴ്ചത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

സെമിയില്‍ പ്രവേശിക്കാന്‍ ഇനി ഒരു ടീമിന് മാത്രമേ സാധ്യതയുള്ളെന്നിരിക്കെ ഇരുവരും ജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സും കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മുംബൈ സിറ്റിയും രണ്ടും കല്‍പിച്ചാവും മൈതാനത്തിറങ്ങുന്നത്. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനവുമായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നതും.

ബുധനാഴ്ച മുംബൈ സിറ്റിയേയും മാര്‍ച്ച് ആറിന് ദുര്‍ബലരായ എഫ്.സി ഗോവയേയും തകര്‍ത്ത് മുന്നേറുകയാണ് കേരളത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും.

വരാനിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ പോലും കേരളത്തിന്റെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തും. ബുധനാഴ്ച നടക്കുന്ന മത്സരം സമനിലയില്‍ കലാശിക്കുകയും ഇരു ടീമുകളും അടുത്ത മത്സരം ജയിക്കുകയും ചെയ്താല്‍ മുംബൈ സിറ്റി സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.

നിലവില്‍ 18 കളികളില്‍ നിന്നും 31 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി. 18 കളികളില്‍ നിന്നും 8 ജയവും 6 സമനിലയും 4 തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും മിന്നുന്ന പ്രകടനം നടത്തിയാണ് തങ്ങളുടെ സെമി സാധ്യതകള്‍ ശക്തമാക്കിയത്. ഏകപക്ഷീയമായ 3 ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്‍ചാമ്പ്യന്‍മാരെ തളച്ചത്.

അതേദിവസം തന്നെ നടന്ന തൊട്ടടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനെ നിരാശരാക്കി മുംബൈ സിറ്റി ഗോവയെ നിലംപരിശാക്കിയിരുന്നു. 2-0നായിരുന്നു മുംബൈയുടെ വിജയം.

രണ്ട് ടീമുകള്‍ മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ജംഷഡ്പൂരും രണ്ടാമതുള്ള ഹൈദരാബാദും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. 34 പോയിന്റുമായി മൂന്നാമതുള്ള എ.ടി.കെ മോഹന്‍ബഗാനാണ് പ്ലേ ഓഫ് റേസില്‍ കേരളത്തിനും മുംബൈയ്ക്കും മുന്നിലുള്ളത്.

Content Highlight:  ISL Kerala Blasters vs Mumbai City FC