കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള സദാചാര ആക്രമണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന ശരാശരി ‘മലയാളി പുരുഷ’ ജീവിതങ്ങള്‍ നമുക്ക് ചുറ്റും തീര്‍ത്തിട്ടുള്ള അതിര്‍ വരമ്പുകള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ്.
ഒരിക്കലെങ്കിലും ഇത്തരം ചൂഴ്ന്ന് നോട്ടത്തിന് ഇരയാവാത്തവരുണ്ടാകില്ല. അത് ആണായാലും പെണ്ണായാലും ശരി. പരിചയമുള്ള ഒരു ആണ്‍/ പെണ്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ചാലോ, എന്തിന് ഒന്ന് സംസാരിച്ചാല്‍ പോലും സംശയ ദൃഷ്ടിയോടെ ചൂഴ്ന്ന് നോക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കുള്ള മുഖമടച്ചുള്ള അടി തന്നെയാണ് ഇഷ്‌ക്.
ചില സിനിമകള്‍ കാണാന്‍ പോകുന്നതിന് മുമ്പ് മുന്‍ധാരണകള്‍ ഉണ്ടാകും. എന്നാല്‍ ആലോചിച്ചു കൂട്ടിയ ചിന്തകളെ എല്ലാം തകര്‍ക്കുന്നതായിരുന്നു നവാഗതനായ അനുരാജ് മനോഹര്‍ ഒരുക്കിയ ഈ ചിത്രം. ‘ഒരു പ്രണയകഥയല്ല’ എന്ന് ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രണയവും കാമവും കൃത്യമായി ചിത്രത്തിലൂടെ സംവിധായകന്‍ കാണിച്ചുതരുന്നുണ്ട്.
സച്ചി എന്ന സച്ചിദാനന്ദന്റെ ജീവിതത്തിലെ ചില ദിവസങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സച്ചി കൊച്ചിയില്‍ െഎ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. അമ്മയും ചേച്ചിയുമുള്ള സച്ചിയുടെ വീട്ടില്‍ ചേച്ചിയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സച്ചിയുടെ പ്രണയിനിയാണ് വസുധ എന്ന വസു. കോട്ടയത്ത് പി.ജി പഠിക്കുന്ന വസുവും സച്ചിയും ഒരു ചെറിയ യാത്ര പോകുന്നിടത്താണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഒരു പ്രണയകഥയുടെ മൂഡില്‍ തുടങ്ങുന്ന ചിത്രം അപ്രതീക്ഷതമായി ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് കടക്കുകയാണ്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അതിന്റെ പരിണാമങ്ങളുമാണ് ചിത്രം.
ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ചിത്രത്തില്‍ സച്ചിയും വസുധയുമാകുന്നത്. മലയാളിയുടെ സദാചാര ബോധവും സദാചാര പൊലീസ് ചമയലും ചിത്രത്തിന്റെ വിഷയമാവുന്നുണ്ട്.
കാമുകന്റെ റോളുകള്‍ ആദ്യമായല്ല ഷെയ്ന്‍ നിഗം ചെയ്യുന്നത്. പക്ഷേ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്ന് ഇഷ്‌കിലെ സച്ചി തീര്‍ത്തും വ്യത്യസ്തനാണ്. ഇക്കാലത്തെ ശരാശരി മലയാളി കാമുകനാണ് സച്ചി. രണ്ടാം പകുതിയില്‍ സച്ചിയെന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ കൃത്യമായി പ്രേക്ഷകരിലേക്ക് സ്പൂണ്‍ ഫീഡിംഗില്ലാതെ അവതരിപ്പിക്കാന്‍ ഷെയ്‌നിനായിട്ടുണ്ട്.
ഓരോ ചിത്രം കഴിയുമ്പോഴും തന്നിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളാണ് ഷെയ്‌നിന് ലഭിക്കുന്നത്. മുമ്പ് കുമ്പളങ്ങി കണ്ടപ്പോള്‍ പറഞ്ഞിരുന്നത് അതാണ് ഷെയ്‌നിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രം എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി പറയുകയാണ് . ഇഷ്‌കിലെ സച്ചിയാണത്. നിരവധി ഷെയ്ഡുകളിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രം.
എസ്രയ്ക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്‍ ശീതള്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. പക്ഷേ പറയാതിരിക്കാന്‍ വയ്യ, അവര്‍ അതിശയിപ്പിച്ചു. വസുധയെന്ന കഥാപാത്രത്തിന്റെ ചെറിയ മാറ്റങ്ങള്‍ പോലും അനായാസമായാണ് അവര്‍ അവതരിപ്പിച്ചത്. കണ്ണുകള്‍ പ്രണയം മാത്രമല്ല പറയുക. അത് സങ്കടവും ദേഷ്യവും വെറുപ്പും ഉറച്ച തീരുമാനങ്ങളും പറയും.
കുറഞ്ഞ സമയം മാത്രമേ സ്ക്രീനില്‍ വരുന്നുള്ളു എങ്കിലും മാലപാര്‍വ്വതി സച്ചിയുടെ അമ്മ റോള്‍ തകര്‍ത്തു. കൈയ്യടി അര്‍ഹിക്കുന്ന മറ്റു രണ്ട് പേര്‍ ജാഫര്‍ ഇടുക്കിയും ഷൈന്‍ ടോം ചാക്കോയുമാണ്. സമീപ കാലത്ത് കണ്ട ഏറ്റവും വലിയ രണ്ട് ‘ചൊറിയന്മാരാണ്’ ഷൈന്‍ അവതരിപ്പിക്കുന്ന ആല്‍ബിനും ജാഫര്‍ ഇടുക്കിയുടെ കഥാപാത്രവും.
ഒരു പ്രശ്‌നമുണ്ടാകുകയും അത് പരിഹരിച്ച് നായികയും നായകനും തിരിച്ചു വരുന്നതുമായ ഒരു ക്ലീഷേ കഥയല്ല ചിത്രത്തിന്റേത്. അര്‍ദ്ധനാരീശ്വരന്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് രതീഷ് രവി ഇഷ്‌കിന്റെ കഥയെഴുതുന്നത്. എന്നാല്‍ ഈ ചിത്രങ്ങളുടെ ഒരു ബാധ്യതയുമില്ലാതെ മികച്ച രീതിയില്‍ ഇഷ്‌ക് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി.
ചിത്രത്തിലെ ഡയലോഗ് പോലെ ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആണത്തത്തിന് ഉണ്ടാവുന്ന ചൊറിച്ചില്‍ തന്നെയാണ് സദാചാര ബോധം എന്നത്. എന്നാല്‍ കേവലം സദാചാര പൊലീസ് എന്ന വിഷയം മാത്രമല്ല കൈകാര്യം ചെയ്യുന്നത് എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയവും.
സിനിമയുടെ ആവസാന മിനിറ്റിലേക്ക് പോയിക്കൊണ്ടിരിക്കെ ഒരു ടെന്‍ഷന്‍ ആയിരുന്നു. ഇത്രത്തോളം കൊണ്ട് വന്നിട്ട് അവസാനം കൊണ്ട് പോയി കലം ഉടയ്ക്കുമോ എന്ന്. പക്ഷേ ഞാനടക്കമുള്ള മുഴുവന്‍ കാണികളെയും കൈയ്യടിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്.
മുമ്പ് പറഞ്ഞപോലെ സദാചാരം എന്നത് മാത്രമല്ല ചിത്രം ചോദ്യം ചെയ്യുന്നത്. ആണത്തം ഏന്ന ‘ചീപ്പ്‌ഷൈനിംഗിന്റെ’ തലക്കിട്ടും ചിത്രം കൊട്ടുന്നുണ്ട്. സദാചാരത്തിന്റെ ബാക്കിപത്രമായ ചാരിത്ര്യബോധവും, ആണത്തം എന്ന അഭിമാന ബോധവുമെല്ലാം ചിത്രത്തില്‍ ചര്‍ച്ച വിഷയമാകുന്നുണ്ട്. ഒരു ത്രില്ലര്‍ മൂഡിലുള്ള ചിത്രമായത് കൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ല.
മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് തന്നുകൊണ്ടിരിക്കുന്ന ഇ 4 എന്റര്‍ടെയ്ന്‍മെന്‍സാണ് ഇഷ്‌കിന്റെ നിര്‍മാണം. വാണിജ്യ ഘടകങ്ങള്‍ക്ക് അപ്പുറത്തായി മികച്ച സിനിമകള്‍ ഇ 4 എന്റര്‍ടെയ്ന്‍മെന്‍സ് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ ചിത്രവും അവര്‍ മലയാളികള്‍ക്ക് നല്‍കിയ ഒരു സമ്മാനമാണെന്ന് നിസംശ്ശയം പറയാം.
ചിത്രത്തില്‍ സംഗീതം ഒരു നിര്‍ണായക ഘടകമാണ്. ജെയ്ക്‌സ് ബിജോയിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇടയ്ക്ക് ഗൗരി ലക്ഷ്മിയുടെ ‘തിരിഞ്ഞും മറിഞ്ഞും’ എന്ന ഗാനം സ്ക്രീനില്‍ വന്നപ്പോള്‍ ആദ്യം ചിരി വരുത്തിയെങ്കിലും അതിന്റെ ചിത്രീകരണം മികച്ചതായിരുന്നു. ആ സിറ്റുവേഷന് അതിലു മികച്ച ഒരു ഗാനം വേറെയില്ല.
ക്യാമറ കൈകാര്യം ചെയ്ത അന്‍സാര്‍ഷായും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. സിനിമയുടെ മിക്ക സീനുകളും രാത്രികളിലാണ്. എന്നാല്‍ രാത്രിയുടെ മനോഹാരിത ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ അന്‍സാറിന് കഴിഞ്ഞു.