ഇതാണോ വികസിത ഭാരതത്തിലേക്കുള്ള വഴി?; കൻവാർ യാത്രയിൽ യു.പി സർക്കാരിനെ വിമർശിച്ച് കപിൽ സിബൽ
national news
ഇതാണോ വികസിത ഭാരതത്തിലേക്കുള്ള വഴി?; കൻവാർ യാത്രയിൽ യു.പി സർക്കാരിനെ വിമർശിച്ച് കപിൽ സിബൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2024, 8:50 am

ന്യൂദൽഹി: കൻവാർ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ യു.പി സർക്കാർ ഉത്തരവിട്ടത് രാജ്യത്തെ ഭിന്നിപ്പിക്കുന്ന അജണ്ടയെന്ന് മുൻ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ.

ഹോട്ടലുടമ കടയുടെ നെയിം ബോര്‍ഡിനൊപ്പം തന്റെ പേര് കൂടെ നല്‍കണമെന്നായിരുന്നു പൊലീസിന്റെ ഉത്തരവ്. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്. സർക്കാരിന്റെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുയരുന്നത്.

‘കൻവർ യാത്രാ റൂട്ടിൽ ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കാൻ യു.പി സർക്കാർ നിർദേശം നൽകിയിരിക്കുന്നു! ഇതാണോ വികസിത ഭാരതത്തിലേക്കുള്ള വഴി? ഈ അജണ്ടകൾ രാജ്യത്തെ വിഭജിക്കാനേ വഴി വെക്കൂ,’ കപിൽ സിബൽ പറഞ്ഞു. ഉത്തരവിനെ വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. യു.പി സർക്കാരിന്റെ ഉത്തരവ് മതഭ്രാന്താണെന്നായിരുന്നു വിമർശനം.

ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തെ വിമർശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ എൽ.ജെ.പി(ലോക് ജനശക്തി പാർട്ടി)യും രംഗത്തെത്തിയിരുന്നു. നേരത്തെ ജെ.ഡി.യുവും രാഷ്ട്രീയ ലോക്ദളും ഈ ഉത്തരവിനെതിരെ വിമർശനമുന്നയിച്ചിരുന്നു.

യു.പിയിൽ പൊലീസ് ഏർപ്പെടുത്തിയ ഈ വിലക്കുകൾ പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നിവയുടെ ലംഘനമാണെന്നും ഉത്തരവ് പുനഃപരിശോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നുമായിരുന്നു ജെ.ഡി.യു പ്രതികരിച്ചത്.

രാഷ്ട്രീയത്തിൽ മതവും ജാതിയും കൂട്ടികലർത്തുന്നത് ശരിയല്ലെന്നായിരുന്നു ആർ.എൽ.ഡി ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞത്. ജാതിയുടെയോ മതത്തിൻ്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു എൽ.ജെ.പിയുടെ പ്രതികരണം.

Content Highlight: Is this route to ‘Viksit Bharat’? Kapil Sibal on UP Kanwar Yatra order