Film News
വിലക്കിലായിരുന്ന ചിന്മയിയെ തിരിച്ചുകൊണ്ടുവന്നത് മനപ്പൂര്‍വമെടുത്ത തീരുമാനമോ? ലോകേഷിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 09, 12:58 pm
Monday, 9th October 2023, 6:28 pm

അഞ്ച് വര്‍ഷമായി സിനിമാ മേഖലയില്‍ നിന്നും വിലക്ക് നേരിടുന്ന ഗായിക ചിന്മയിയെ ലിയോയില്‍ തൃഷക്ക് ഡബ്ബ് ചെയ്യാനായി വിളിച്ചതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. വിലക്കിനെ പറ്റിയൊന്നും തനിക്ക് അറിയില്ലെന്നും സിനിമ നന്നാവണമെന്ന് വിചാരിച്ചപ്പോള്‍ ചിന്മയിയെ ആണ് വിളിക്കാന്‍ തോന്നിയതെന്നും ലോകേഷ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ചിന്മയിയെ തിരികെ കൊണ്ടുവന്നത് മനപ്പൂര്‍വം എടുത്ത തീരുമാനമാണോ എന്നായിരുന്നു ചോദ്യം.

‘ഞാന്‍ റൊമാന്‍സ് ഒന്നും അധികം എഴുതാറില്ല. എനിക്ക് അതൊന്നും വരില്ല. ആ പോഷനില്‍ തൃഷയും വിജയ്‌യും നന്നായി അഭിനയിച്ചിട്ടുണ്ട്. രണ്ട് സീക്വന്‍സ് ഉണ്ട്. അത് നന്നായി ചെയ്തിട്ടുണ്ട്. അങ്ങനെ നന്നായി വരണമെന്ന് ചിന്തിച്ചപ്പോള്‍ ചിന്മയിയുടെ ശബ്ദമാണ് ഓര്‍മ വന്നത്. എനിക്ക് വിലക്കിനെ പറ്റിയൊന്നും അറിയില്ല. എനിക്ക് എന്റെ വര്‍ക്ക് നന്നായി തീരണമെന്ന് തോന്നി. എല്ലാ ഭാഷകളിലും അവര്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്,’ ലോകേഷ് പറഞ്ഞു.

2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയാണ് ചിന്മയി പരാതി നല്‍കിയത്. സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ചിന്മയി വെളിപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കിയിരുന്നു. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിന്മയി രണ്ടാം വരവിനൊരുങ്ങുന്നത്.

തിരിച്ചുവരവിനായി കാരണമായി ലോകേഷ് കനകരാജിനോടും ചിത്രത്തിന്റെ നിര്‍മാതാവ് ലളിതിനോടും നന്ദി പറയുകയാണെന്ന് ചിന്മയി എക്‌സില്‍ കുറിച്ചിരുന്നു. പിന്നാലെ തൃഷ, ഖുഷ്ബു തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ട്വീറ്റിന് പ്രതികരണങ്ങളുമായി എത്തിയിരുന്നു.

ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Is it a deliberate decision to bring back Chinmayi who was banned? Lokesh’s Reply