Cricket
അവന് മാത്രം എന്തിനാണ് ഇന്ത്യന്‍ ടീം 'സൂപ്പർ സ്റ്റാർ' പദവി നൽകുന്നത്: വിമർശനവുമായി ഇർഫാൻ പത്താൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 29, 10:12 am
Monday, 29th April 2024, 3:42 pm

മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമില്‍ എടുക്കുന്നതിനെ ചോദ്യം ചെയ്ത് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

വരാനിരിക്കുന്ന ടി-20 ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത് വരെ ബി.സി.സി.ഐ ഹാര്‍ദിക് പാണ്ഡ്യയെ ‘സൂപ്പര്‍സ്റ്റാര്‍’ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘എന്റെ അഭിപ്രായത്തില്‍ ഇതുവരെ ടീമിന്റെ വിജയത്തിന് കുറഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും ബി.സി.സി.ഐ ഹാര്‍ദിക് പാണ്ഡ്യക്ക് വളരെയധികം മുന്‍ഗണനയാണ് നല്‍കുന്നത്. മികച്ച ഓള്‍ റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഹാര്‍ദിക്കിന് ഇതുവരെ സാധിച്ചിട്ടില്ല.

ഒരു പ്രധാന കളിക്കാരന്‍ എന്ന നിലയില്‍ തന്റെ പദവിയെ ന്യായീകരിക്കുന്ന സ്ഥിരതയ്ക്ക് പകരം കഴിവ് മാത്രമേ അദ്ദേഹം കാണിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ടീമില്‍ വീണ്ടും അവസരവും പ്രാധാന്യവും നല്‍കുന്നതിനെക്കുറിച്ച് വീണ്ടും ഒന്ന് ആലോചിക്കണം,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഈ സീസണില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഹാര്‍ദിക്കിന്റെ കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു മുംബൈ പുറത്തെടുത്തത്.

എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ആണ് ഹര്‍ദിക്കിന്റെ കീഴില്‍ മുംബൈ നേടിയത്. മുംബൈയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും 151 റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിന് നേടാന്‍ സാധിച്ചത്. ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് ഹാര്‍ദിക് ഇതുവരെ നേടിയിട്ടുള്ളത്.

വരും മത്സരങ്ങളില്‍ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച വിജയവഴിയില്‍ തിരിച്ചെത്തിയാൽ മാത്രമേ മുംബൈ ഇന്ത്യന്‍സിന് ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

ഏപ്രില്‍ 30ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Irfan Pathan talks about Hardik Pandya